വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് ഗാരേജിലുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തിയെങ്കിലും ഡിപ്പോ മുഴുവൻ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. അപകടസമയത്ത് ബസിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
ചേർത്തല: കനത്തമഴയിൽ ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന് മുകളിലേക്ക് വൻമരം കടപുഴകിവീണു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദം കേട്ട് ഗാരേജിലുണ്ടായിരുന്ന ജീവനക്കാർ ഓടിയെത്തിയെങ്കിലും ഡിപ്പോ മുഴുവൻ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അടിയന്തരമായി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. അപകടസമയത്ത് ബസിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
തുടർച്ചയായ മഴയിൽ ഡിപ്പോ ഗ്രൗണ്ടിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ചുവടിളകിയ മരം ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. ബസിന്റെ മേൽക്കൂരയും വശങ്ങളും അപകടത്തിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്. എന്നാൽ, എഞ്ചിനും മറ്റ് പ്രധാന ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. ഡിപ്പോയിലെ വെള്ളക്കെട്ടും മഴക്കെടുതിയും തുടരുന്നതിനാൽ മരം മുറിച്ചുമാറ്റാനുള്ള നടപടികൾ വൈകുന്നതായാണ് അധികൃതർ പറയുന്നത്.
ഡിപ്പോയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ പരാതികളിൽ അധികൃതർ അലംഭാവം കാണിച്ചതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമായതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും ശക്തമായി ആവശ്യപ്പെട്ടു.


