ഇടുക്കി: മാങ്കുളത്ത്  പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ആചാരപ്രകാരം വിവാഹം കഴിച്ചു നൽകിയെന്ന പരാതിയുമായി ചൈൽഡ് ലൈൻ പ്രവർത്തകർ. മാങ്കുളം ഗ്രാമപഞ്ചായത്തിലെ ശേവല്‍കുടി ആദിവാസി കോളനിയിലെ പതിനാറുകാരിയെയാണ് പഞ്ചായത്തിലെ തന്നെ സിങ്ക്കുടി ആദിവാസി കോളനി സ്വദേശിയായ യുവാവിന് വിവാഹം കഴിച്ച് നല്‍കിയിരിക്കുന്നത്. 

ഗോത്ര ആചാരപ്രകാരം വിവാഹം നടന്നതായാണ് സൂചന. ബന്ധുക്കളുടെ അറിവോടെ യുവാവും പെണ്‍കുട്ടിയും താമസിച്ചു വരികെ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ മൂന്നാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കോളനിയിലെത്തി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി മൂന്നാര്‍ ഡിവൈഎസ്പി അറിയിച്ചു.