ചെങ്ങന്നൂരിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. 916 മുദ്ര വ്യാജമായി പതിപ്പിച്ച മാലകള്‍ നല്‍കി 2,60,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.  

ചെങ്ങന്നൂര്‍: മുക്കുപണ്ടം പണയം വെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി സ്റ്റോയി വര്‍ഗീസ്, വൈക്കം തലയാഴം സ്വദേശി ബിജു എം എസ് എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ പി ഫിനാന്‍സ് ഉടമ രാജന്‍ പിള്ളയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലായി 18, 16 ഗ്രാം തൂക്കം വരുന്ന മാലകള്‍ പണയം വെച്ചാണ് ഇവര്‍ പണം തട്ടിയത്. 916 മുദ്ര വ്യാജമായി പതിപ്പിച്ച മാലകള്‍ നല്‍കി 2,60,000 രൂപ തട്ടിയെടുത്ത് വീതം വെയ്ക്കുകയായിരുന്നു. ഒന്നാം പ്രതിയായ സ്റ്റോയി വര്‍ഗീസിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയില്‍നിന്നുമാണ് പിടികൂടിയത്. സ്റ്റോയി വര്‍ഗീസ് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ്. ബിജുവും സമാനരീതിയിലുള്ള കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇരുവരും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ചെങ്ങന്നൂര്‍ സിഐ എ സി വിപിന്‍, എസ്ഐ നന്ദു എസ് നായര്‍, മധുകുമാര്‍ എം ടി, എഎസ്ഐമാരായ വിനോദ് കുമാര്‍, ഹരികുമാര്‍, സിപിഒമാരായ സഞ്ചു, വിപിന്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.