സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയദുരിതം അനുഭവിച്ച പട്ടികജാതി വിഭാഗങ്ങൾ തൃശൂർ ജില്ലയിലാണ്. നാലരക്കോടി രൂപയാണ് ഈ ഇനത്തിൽ ജില്ലക്കായി അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ തുകയാവട്ടെ അപേക്ഷകരിലെ പകുതിയോളം പേർക്കും മതിയാവില്ല.  

തൃശൂർ: പ്രളയ ദുരിതത്തിൽ ഇപ്പോഴും വലയുന്ന പട്ടികജാതി കുടുംബങ്ങൾക്കുള്ള വകുപ്പിന്‍റെ അടിയന്തര ധനസഹായം മൂന്ന് മാസത്തിന് ശേഷം കിട്ടുന്നത് അപേക്ഷിച്ചവരിലെ പകുതിയോളം പേർക്ക് മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയദുരിതം അനുഭവിച്ച പട്ടികജാതി വിഭാഗങ്ങൾ തൃശൂർ ജില്ലയിലാണ്. നാലരക്കോടി രൂപയാണ് ഈ ഇനത്തിൽ ജില്ലക്കായി അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ തുകയാവട്ടെ അപേക്ഷകരിലെ പകുതിയോളം പേർക്കും മതിയാവില്ല.

പ്രളയക്കെടുതി നേരിട്ട പട്ടികജാതി കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 5000 രൂപ ലഭ്യമാക്കാനാണ് സർക്കാരിന്‍റെ ഉത്തരവ്. ഇതനുസരിച്ചാണെങ്കിൽ ഒമ്പതിനായിരം പേർക്ക് മാത്രമേ ലഭിക്കൂ. 17,101 കുടുംബങ്ങൾ പ്രളയത്തിന് മൂന്ന് മാസം പിന്നിട്ടിട്ടും ഇപ്പോഴും സർക്കാരിന്‍റെ സഹായം ലഭ്യമായിരുന്നില്ല. ജില്ലയിലെ 21 ബ്ളോക്ക് പട്ടികജാതി ഓഫീസർമാർ മുഖേന ജില്ലാ ഭരണകൂടത്തിന് ലഭിച്ചത് 22,456 കുടുംബങ്ങളാണ് പ്രളയക്കെടുതി നേരിട്ടതെന്നാണ്. സർക്കാരിന്‍റെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ 17,590 കുടുംബങ്ങൾ കഴിഞ്ഞപ്പോൾ, 4866 കുടുംബങ്ങളാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വീടുകളിൽ അഭയം തേടി. 

തുക അവരവരുടെ അക്കൗണ്ടുകളിൽ ലഭിക്കുമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ തുക ലഭിച്ചത് 5355 കുടുംബങ്ങൾക്ക് മാത്രമായിരുന്നു. അവശേഷിക്കുന്നത് 17,101 കുടുംബങ്ങളാണ്. ഇപ്പോഴനുവദിച്ച 4.50 കോടിയിൽ 9000 പേർക്ക് ലഭിക്കും. 8101 കുടുംബങ്ങൾക്ക് തുക ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. തദ്ദേശ വകുപ്പ്, പട്ടികജാതി വകുപ്പിൻ്റെയും ഭവന രഹിത പദ്ധതികളിൽ ഉൾപ്പെട്ട് കുന്നിൻചരുവുകളിലും മറ്റും വീട് നിർമ്മിച്ച നിരവധി കുടുംബങ്ങളുടെയും വീട് പ്രളയം തകർത്തെറിഞ്ഞു. 

പ്രളയത്തിനിരയായ പട്ടികജാതി കുടുംബങ്ങൾ ഏറെ പേരും തൊഴിലുറപ്പ് തൊഴിലാളികളുമാണ്. ക്യാമ്പുകളിലും, ബന്ധുവീടുകളിലും കഴിഞ്ഞിരുന്നവരിൽ ഏറെ പേരും വീണ്ടും കടംവാങ്ങിയും പലിശക്കെടുത്തും കിടപ്പാടം താമസിക്കാൻ പാകത്തിലാക്കി മാറ്റി. 108 കുടുംബങ്ങൾക്ക് കിടപ്പാടം പൂർണ്ണമായും ഇല്ലാതായി. ഇവർ ഇപ്പോഴും വിവിധ ഗ്രാമപഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. അവശേഷിക്കുന്ന കുടുംബങ്ങൾക്ക് തുക ഉടൻ ലഭ്യമാക്കി വിതരണം ചെയ്യണമെന്ന് പട്ടികജാതി-വർഗ വിദ്യഭ്യാസ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.