തലമുറകളായി അനുഭവിക്കുന്ന യാത്രാദുരിതം മാറാൻ ഊരുനിവാസികള്‍ മുട്ടാത്ത വാതിലുകളൊന്നുമില്ല. പുഴയ്ക്ക് കുറുകെ ഒരുപാലവും പുതൂരിലേക്കോ ഷോളയൂരിലേക്കോ എത്താൻ ഗതാഗത സൗകര്യവും മാത്രമാണ് ഇവരുടെ ആവശ്യം.
അട്ടപ്പാടി: യാത്രാ സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ട അവസ്ഥയില്‍ അട്ടപ്പാടി പുതൂരിലെ പങ്കനാരിപ്പളളം ഊരുനിവാസികൾ. കാടിനുളളിലൂടെ കിലോമീറ്ററുകൾ നടക്കണം ഊരിലെത്താൻ. രോഗികളെയും ഗർഭിണികളെയും മഞ്ചലിലേറ്റി കിലോമീറ്ററുകൾ നടന്നാലെ ആശുപത്രിയിലെത്തിക്കാൻ കഴിയു. ഊരിലേക്ക് ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ തിരിഞ്ഞുനോക്കാറില്ലെന്ന് ഊരുനിവാസികള്‍ പറയുന്നു. 26 കുടുംബങ്ങളാണ് പുറംലോകമറിയാതെ ഇവിടെ കഴിയുന്നത്.
പുഴയ്ക്ക് കുറുകെ ഒരുപാലവും പുതൂരിലേക്കോ ഷോളയൂരിലേക്കോ എത്താൻ ഗതാഗത സൗകര്യവും മാത്രമാണ് ഇവരുടെ ആവശ്യം. പുതൂർ പഞ്ചായത്തിലെ വിദൂര പ്രദേശമായ ഇവിടെ ഏതുനിമിഷവും കാട്ടാനയും കരടിയുമിറങ്ങിയേക്കും. ഇതു പിന്നിട്ടാൽ ഭവാനിപ്പുഴയുടെ കൈവഴി മുറിച്ചുകടക്കണം. ഇത്രയും ദുർഘടമായ വഴി പിന്നിട്ടാൽ ഊരിലെത്താം. തലമുറകളായി അനുഭവിക്കുന്ന യാത്രാദുരിതം മാറാൻ മുട്ടാത്ത വാതിലുകളൊന്നുമില്ലെങ്കിലും മറിച്ചൊന്നും സംഭവിച്ചില്ല.
അവശ്യവസ്തുക്കൾ പോലും തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാര്‍. ഊരില്‍ ആകെയുള്ള അംഗനവാടിയിലേക്ക് കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ വിടുന്നത് നെഞ്ചിടിപ്പോടെയാണ്. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന ചുമരുകളും നിലംപതിക്കാവുന്ന മേൽക്കൂരയുമാണ് ഊരിലെ അംഗനവാടിയുടേത്. തെരഞ്ഞെടുപ്പുകാലത്ത് വോട്ടുചോദിച്ച് സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ മാത്രമാണ് ഇവിടെ എത്താറുളളതെന്ന് ഊരുനിവാസികൾ പറയുന്നു.
