ഇടുക്കി: മൂന്നാര്‍ എംആര്‍എസ് സ്‌കൂളിലെ ആദിവാസി കുട്ടികള്‍ ഹോസ്റ്റല്‍ വിട്ടത് സീനിയര്‍ കുട്ടികളുടെ റാഗിംഗ് മൂലമെന്ന് മൂന്നാര്‍ ഡിവൈഎസ്‍പി എം രമേഷ് കുമാര്‍. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും ബന്ധപ്പെട്ട അധ്യാപകര്‍ക്കുമെതിരെ കേസെടുത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് വിവിധ കുടികളില്‍ നിന്നും പഠനത്തിനെത്തിയ 23 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയാതെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. 

സ്‌കൂളില്‍ വെച്ചും സീനിയര്‍ കുട്ടികള്‍ ഇവരെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. വൈകുന്നേരം സീനിയര്‍ കുട്ടികളോടൊപ്പമാണ് ഇടമലക്കുടികളിലെയടക്കം കുട്ടികള്‍ താമസിക്കുന്നത്. ഹോസ്റ്റല്‍ മുറിയിലും പീഡനം തുടര്‍ന്നതോടെയാണ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയത്. വാര്‍ഡനടക്കമുള്ള അധ്യാപകര്‍ ഉണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ല. ഉപദ്രവം സഹിക്കവയ്യാതെയാണ് വീട്ടിലേക്ക് മടങ്ങിയതെന്ന് കുട്ടികള്‍ പോലീസിന് മൊഴിനല്‍കിയതോടെയാണ് വാര്‍ഡനും ബന്ധപ്പെട്ട അധ്യാപകര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

സമാനമായ സംഭവമാണ് മറയൂരിലെ ഹോസ്റ്റലുകളിലും നടക്കുന്നത്. അവിടെ നടത്തിയ അന്വേഷണത്തിലും സീനിയര്‍ കുട്ടികളുടെ ഉപദ്രവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു