987ൽ പശ്ചിമഘട്ട വനമേഖലയിൽമാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കൽ ​ഗാർഡനിലെ (ജെഎൻടിബിജിആർഐ) ഗവേഷകർക്ക് കാട്ടിക്കൊടുത്ത കാണി സമുദായത്തിൽ നിന്നുള്ളയാളാണ് ഈച്ചൻ കാണി

തിരുവനന്തപുരം: കരൾ സംരക്ഷണത്തിന് ഉൾപ്പടെ ഗുണകരമായ ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാളായ ഈച്ചൻ കാണിയെ (57) കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടൂർ ചോനാംപാറ ന​ഗർ സ്വദേശിയാണ്. ഈ മാസം രണ്ട് മുതൽ കാണാതായ ഈച്ചൻകാണിയെ കഴിഞ്ഞ ദിവസം ഉൾക്കാട്ടിലെ ​ഗുഹയ്ക്കുള്ളിൽനിന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വനത്തിനുള്ളിലുള്ള പാറയിടുക്കിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ദുർ​ഗന്ധത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. 

വിഷം കഴിച്ച് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനമെന്നും രാസപരിശോധനാഫലം ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നുമാണ് നെയ്യാർഡാം പൊലീസ് പറയുന്നത്. 1987ൽ പശ്ചിമഘട്ട വനമേഖലയിൽമാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കൽ ​ഗാർഡനിലെ (ജെഎൻടിബിജിആർഐ) ഗവേഷകർക്ക് കാട്ടിക്കൊടുത്തത് കുട്ടിമാത്തൻകാണി, മല്ലൻകാണി, ഈച്ചൻകാണി എന്നിവരായിരുന്നു. പിന്നീട് ജെഎൻടിബിജിആർഐ ആരോ​ഗ്യപ്പച്ച ഉപയോ​ഗിച്ച് ആര്യവൈദ്യഫാർമസിയുമായി ചേർന്ന് ജീവനി എന്ന മരുന്ന് നിർമിക്കുകയും ലാഭവിഹിതം ആദിവാസി വിഭാ​ഗമായ കാണിക്കാർക്ക് നൽകുകയും ചെയ്തിരുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, കരളിനെ സംരക്ഷിക്കുന്നതിനും, ക്ഷീണം തടയുന്നതിനും, ഡിഎൻഎ-സംരക്ഷക ഗുണങ്ങൾക്കും പേരുകേട്ടതാണ് ആദിവാസികൾ കണ്ടെത്തിയ ഈ ഔഷധക്കൂട്ട്. കാണിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച കാണി സമുദായ ക്ഷേമ ട്രസ്റ്റി സഹായത്തോടെയാണ് ആരോ​ഗ്യപ്പച്ച കൃഷി ചെയ്തിരുന്നത്. ഈ ട്രസ്റ്റിന്റെ ആജീവനാന്ത എക്സിക്യൂട്ടീവ് അം​ഗം കൂടിയാണ് ഈച്ചൻ കാണി. 2002ലെ യുഎൻ ഇക്വേറ്റർ ഇനിഷ്യേറ്റീവ് പുരസ്കാരവും കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിന് ലഭിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ ഏതാനും ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വംശനാശഭീഷണി നേരിടുന്ന ഈ ഔഷധ സസ്യം കാട്ടിൽ പോയി കണ്ടെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചിരുന്നതും ഈച്ചൻ കാണിയുടെ നേതൃത്വത്തിലായിരുന്നു. കുടുംബവുമായി അകന്നുകഴിയുകയായിരുന്നു ഈച്ചൻ കാണി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം