ഇടുക്കി: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഇടുക്കി പട്ടയക്കുടിയിലെ അനധികൃത പന്നി ഫാം അടച്ചുപൂ‍ട്ടാത്തതിനെതിരെ പ്രതിഷേധവുമായി ആദിവാസികൾ. പന്നി ഫാം പൂട്ടാതെ വണ്ണപ്പുറം പഞ്ചായത്ത് അധികൃതർ ഒത്തുകളിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ പഞ്ചായത്ത് അധികൃതർ ഫാം പൂട്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഫാം ഉടമ ആരോപിച്ചു.

ഫാമിന് താഴെ നാല്പത് ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഫാമിൽ നിന്നുള്ള പരിസ്ഥിതി മലിനീകരണം അനിയന്ത്രിതമാണെന്ന് കാണിച്ച് ആദിവാസികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ലൈസൻസ് ഇല്ലെന്ന് വ്യക്തമായതോടെ ഫാം അടച്ച് പൂട്ടാൻ കഴിഞ്ഞ സെപ്റ്റംബർ നാലിന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഉത്തരവ് വന്ന് ഒരുമാസം പിന്നിട്ടിട്ടും പേരിന് കുറച്ച് പന്നികളെ മാറ്റിയതല്ലാതെ ഫാം പൂട്ടാൻ വണ്ണപ്പുറം പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.

ഒഴിപ്പിക്കാൻ എത്തിയപ്പോൾ ഫാം ഉടമയായ ബിന്ദു തോമസ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയെന്നും ഇതുനിമിത്തം ഫാം പൂട്ടാൻ കഴിഞ്ഞില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ കൃത്യമായി നോട്ടീസ് നൽകാതെ ഫാം പൂട്ടിക്കാൻ ശ്രമിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്ന് ബിന്ദു പറഞ്ഞു.

അതേസമയം, ഫാമിന്‍റെ പ്രവർത്തനം തുടർന്നാൽ കോടതിയലക്ഷ്യ ഹർജി നൽകുന്നതിനൊപ്പം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് പട്ടയക്കുടിയിലെ ആദിവാസികൾ അറിയിച്ചിട്ടുണ്ട്.