പെൺകുട്ടി നിലവിളിച്ചതോടെ ബൈക്കിൽ കയറിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം പുത്തനത്താണി കരിങ്കപ്പാറകുളമ്പില്‍ അബ്ദുല്‍ കരീമിനെയാണ് (37) കല്‍പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ. സലിം അറസ്റ്റ് ചെയ്തത്. പുത്തനത്താണി ചുങ്കം-കരുവാന്‍ പടി റോഡില്‍ ഇക്കഴിഞ്ഞ 18-ാം തീയ്യതിയാണ് സംഭവം നടന്നത്.
പുത്തനത്താണിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ജോലികഴിഞ്ഞ് വൈകുന്നേരം ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ എത്തിയ അബ്ദുല്‍ കരീം പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഉടൻ തന്നെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജംഷാദ്, സിവിൽ പൊലീസ് ഓഫീസർ കെ. സുനീഷ്, ഡാന്‍സഫ് സബ് ഇൻസ്പെക്ടർ പ്രമോദ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അബ്ദുല്‍ കരീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
