ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ 16-കാരനെ സാധനം വാങ്ങാനയച്ച മാതാവിനെതിരെ കേസെടുത്തു. അയൽവാസിയുടെ വാഹനവുമായി വീട്ട് സാധനങ്ങൾ വാങ്ങാനാണ് കുട്ടി പുറത്തിറങ്ങിയത്.

തിരൂരങ്ങാടി: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കെ 16-കാരനെ വീട്ടുസാധനങ്ങൾ വാങ്ങാനയച്ച മാതാവിനെതിരെ കേസെടുത്തു. അയൽവാസിയുടെ വാഹനവുമായി വീട്ടിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാനാണ് കുട്ടി പുറത്തിറങ്ങിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവറെ പിടികൂടിയത്. 

ചെമ്മാട്-പരപ്പനങ്ങാടി റോഡിൽ തൃക്കുളം ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ തിരൂരങ്ങാടി എസ്ഐ പിഎം രതീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ അതിവേഗതയിൽ വന്ന ഇരുചക്ര വാഹനം തടഞ്ഞു നിർത്തുകയായിരുന്നു. 

വീട്ടുസാധനങ്ങൾ വാങ്ങാൻ മാതാവ് പറഞ്ഞുവിട്ടതാണെന്നും വാഹനം അയൽവാസിയുടേതുമാണെന്നും കുട്ടി പറഞ്ഞു. തുടർന്ന് കുട്ടിയുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ മാതാവിന് നിസംഗ ഭാവമായിരുന്നുവത്രെ. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെമ്മാട് സ്വദേശിനിയായ മാതാവിനെതിരെ മോട്ടോർ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona