കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൌകര്യം ഒഴിവാക്കിയതിന് പിന്നാലെയാണ് വ്യാപക പരാതിക്ക് കാരണമായ നിലയില്‍ പാഴ്സല്‍ വിതരണം നടന്നിരുന്നത്. മൊബൈല്‍ നമ്പര്‍ പരസ്യങ്ങളിലൂടെ നല്‍കി നടത്തുന്ന മാംസ വിതരണത്തിനേക്കുറിച്ചും വ്യാപകമായ രീതിയില്‍ പരാതിയുണ്ട്.

നന്ദന്‍കോട്: തിരുവനന്തപുരത്ത് ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച പല ഭക്ഷണശാലകളിലും പാഴ്സലായി വിതരണം ചെയ്യുന്ന ഭക്ഷണം പഴകിയതെന്ന് കണ്ടെത്തൽ. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള നിയന്ത്രണം മുതലെടുത്താണ് ഇതെന്നാണ് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി. പഴകിയതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണം പാഴ്സലായി ലഭിക്കുന്നുവെന്ന പരാതി കണക്കിലെടുത്താണ് നന്ദൻകോട് ഡിവിഷനിൽ പരിശോധന നടത്തിയത്.

പാഴ്സലായി ലഭിക്കുന്ന ഭക്ഷണത്തേക്കുറിച്ച് പരാതിപ്പെടാൻ അവസരം ലഭിക്കാത്തതായിരുന്നു റെയ്ഡിൽ പിടി വീണ സ്ഥാപനങ്ങൾ മുതലെടുത്തിരുന്നത്. മിക്കവരും സ്ഥിരമായി ഭക്ഷണം വാങ്ങാത്തവരും ആയിരുന്നതും മുതലെടുപ്പിന് ബലം നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. നന്ദൻ കോട് സോണിൽ നടന്ന പരിശോധനയിൽ എൺപത് ശതമാനം പരാതികളും വാസ്തവമാണെന്ന് കണ്ടെത്തുകയായിരുന്നു.

നന്ദൻകോട്, കുറവൻകോണം, പി എം ജി, പട്ടം, വെള്ളയമ്പലത്തിന്‍റെ ഭാഗം, മ്യൂസിയത്തിന്‍റെ ഭാഗം മേഖലകളിലാണ് പരിശോധന നടന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോർപ്പറേഷന്‍റെ ഫോക്കസ് അതിലേക്കായിരുന്നു, ഈ സമയത്ത് കടകളും കുറവായിരുന്നുവെന്നും ബിനു ഫ്രാൻസിസ് പറയുന്നു. അടുത്തിടെ ഇത്തരം പരാതികൾ വ്യാപകമായതോടെ പരിശോധന നടത്തുകയായിരുന്നു. മാംസ വിതരണത്തിലും പരാതി ഉയരുന്നുണ്ട്. പരസ്യങ്ങളിൽ ഫോൺ നമ്പർ നൽകി മാംസം വീടുകളിലും മറ്റും എത്തിക്കുന്നതിലും പരാതിയുണ്ട്.

എന്നാൽ ലൈസൻസോ മറ്റ് അംഗീകാരമോ ഇല്ലാതെയാണ് ഇത്തരം മാംസ വിതരണം. പലര്‍ക്കും ബോണ്‍ലെസ് മീറ്റിന് പകരം ലഭിക്കുന്നത് അഴുകാറായ നിലയില്‍ എല്ലോട് കൂടിയ മാംസമാണെന്നും പരാതി ലഭിച്ചതായി ബിനു ഫ്രാന്‍സിസ് പ്രതികരിച്ചു. എങ്കിലും ഇത്തരം തട്ടിപ്പ് ഫോൺ നമ്പർ കണ്ടെത്തി പരിശോധിക്കുമെന്നും ബിനു ഫ്രാൻസിസ് വ്യക്തമാക്കി. സൊമാറ്റോ പോലുള്ള സൈറ്റുകളിൽ ഇത്തരം തട്ടിപ്പ് താരതമ്യേന കുറ്റവാണെന്നും ബിനു ഫ്രാൻസിസ് വ്യക്തമാക്കി.

ചിക്കൻ, ബീഫ് എന്നിവ വാങ്ങി നാളുകൾ പിന്നിട്ടശേഷവും ഇത്തരത്തിൽ ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. മാംസം പഴകിയത് തിരിച്ചറിയാതിരിക്കാൻ കുരുമുളകും ഉപ്പും ചേർത്തുള്ള പൊടിക്കൈകൾ ചെയ്തിരുന്നുവെന്നും ബിനു ഫ്രാൻസിസ് വ്യക്തമാക്കി. പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ബിനു ഫ്രാന്‍സിസ് വ്യക്തമാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona