സർക്കാർ സഹായം അഭ്യർത്ഥിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് മൂലം മരിച്ച വേണുവിൻ്റെ കുടുംബം. വേണുവിൻ്റെ മരണമൊഴിക്ക് വിലയുണ്ടാകണമെന്നും മക്കളെ വളർത്തണമെന്നും വേണുവിന്റെ ഭാര്യ സിന്ധു പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിന് ശേഷവും സഹായിക്കാൻ ആരുമില്ലെന്ന് വേണുവിൻ്റെ ഭാര്യ സിന്ധു. കുടുംബത്തിൻ്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൻ്റെ അനാസ്ഥ മാത്രമാണ് മരണ കാരണം. വേണുവിൻ്റെ മരണമൊഴിക്ക് വിലയുണ്ടാകണം. മക്കളെ വളർത്തണം. നടുക്കടലിലാണ് നിൽക്കുന്നതെന്നും ആരോഗ്യ വകുപ്പിൻ്റെ അന്വേഷണത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും വേണുവിന്റെ അമ്മ പറഞ്ഞു. കുടുംബത്തെ കൈവിടില്ലെന്ന് വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതേ സമയം, ആരോഗ്യവകുപ്പ് സംഘം ഇന്ന് കുടുംബത്തിൻ്റെ മൊഴിയെടുക്കും.

നവംബർ 5 ന് ആണ് കൊല്ലം പന്മന സ്വദേശി വേണു (48) വേണു മരിച്ചത്. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശമടക്കം പുറത്തുവന്നിരുന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.

അതേ സമയം, മെഡിക്കല്‍ കോളേജിലെ നിലത്ത് കിടത്തി ചികിത്സയെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഉൾക്കൊള്ളുന്നതിലും അധികം രോഗികൾ ആണ് മെഡിക്കൽ കോളേജുകളിൽ എത്തുന്നത്. ആശുപത്രികളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുകയാണ്. ഒരു രോഗിയെ പോലും തിരിച്ചയക്കുന്നില്ല. രോഗികളെ ഉപേക്ഷിച്ച് കടന്നു കളയുന്നവർ ഉണ്ട്. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് പറഞ്ഞുവിടരുത് ബെഡ് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ, മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർ ചെയ്യാവൂ. സ്വകാര്യ ആശുപത്രികളിൽ നിന്ന് ധാരാളം രോഗികളെ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നുണ്ടെന്നും വീണ ജോർജ് പറഞ്ഞു.