മത്തി, അയല, കിളിമീന്‍ എന്നിവക്കെല്ലാം 300 രൂപക്ക് മുകളിലാണ് വില. ഇതോടെയാണ് സാധാരണക്കാരുടെ ബഡ്ജറ്റിലൊതുങ്ങുന്ന മത്സ്യമായി പുഴമീനുകള്‍ തീന്‍മേശകളില്‍ സ്ഥാനം പിടിച്ചത്.

സുല്‍ത്താൻ ബത്തേരി: ട്രോളിങ് നിരോധനം വന്നാല്‍ പിന്നെ വല്ലപ്പോഴും വയനാട്ടിലെത്തുന്ന കടല്‍മീനുകള്‍ക്ക് പൊള്ളുന്ന വിലയാണ്. കടല്‍മീനുകളുടെ വരവ് കുറഞ്ഞാല്‍ പിന്നെ ആ വിപണി കൈയ്യടക്കാനെത്തുന്നത് പുഴമത്സ്യങ്ങളാണ്. വയനാട്ടിലെ പുഴകള്‍ക്ക് പുറമെ കര്‍ണാടകയിലെ ഡാം മീനുകള്‍ വരെ ജൂണ്‍ ജൂലൈ മാസങ്ങളില്‍ വയനാടന്‍ വിപണിയിലെത്തും. മത്സ്യം കുറഞ്ഞതോടെ ജില്ലയിലെ മത്സ്യവില്‍പ്പന കേന്ദ്രങ്ങളില്‍ പലതും ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറക്കുന്നത്.

മത്സ്യമാര്‍ക്കറ്റിലെത്തുന്ന കടല്‍മീനുകള്‍ക്ക് പൊള്ളുന്ന വിലയാണ്. മത്തി, അയല, കിളിമീന്‍ എന്നിവക്കെല്ലാം 300 രൂപക്ക് മുകളിലാണ് വില. ഇതോടെയാണ് സാധാരണക്കാരുടെ ബഡ്ജറ്റിലൊതുങ്ങുന്ന മത്സ്യമായി പുഴമീനുകള്‍ തീന്‍മേശകളില്‍ സ്ഥാനം പിടിച്ചത്. പുഴ മത്സ്യങ്ങള്‍ക്ക് പുറമെ വയനാട്ടിലെ കുളത്തിലെ മത്സ്യങ്ങളും വില്‍പ്പനക്കെത്തുന്നുണ്ട്. രോഹു, നട്ടര്‍, ഗിഫ്റ്റ് തിലോപ്പിയ, നാടന്‍ തിലോപ്പിയ ഈ മീനുകള്‍ക്കെല്ലാം കിലോക്ക് 160 മുതല്‍ 220 രൂപ വരെ മാത്രമാണ് വില. ഉള്ളതില്‍ വെച്ച് അല്‍പം വിലകൂടുതല്‍ വരാലിന് മാത്രമാണ്. മുന്നൂറ് മുതല്‍ 360 രൂപ വരെയാണ് വരാലിന്റെ കിലോ വില.

ജില്ലയിലെ പ്രധാന പുഴകളില്‍ നിന്നും കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ നിന്നുമുള്ള മത്സ്യങ്ങള്‍ക്ക് സാധാരണക്കാരായ കര്‍ഷകര്‍ എത്തുന്നത് കര്‍ഷകല്‍ കുളങ്ങളില്‍ വളര്‍ത്തുന്ന ശുദ്ധജല മത്സ്യങ്ങളുമാണ് വില്‍പ്പനക്കുത്തുന്നത്. മത്സ്യങ്ങള്‍ പിടിക്കുന്ന സ്ഥലങ്ങളിലും പ്രധാന പാതകളുടെ ഓരങ്ങളില്‍ വാഹനങ്ങളിലെത്തിച്ചുമാണ് വില്‍പ്പന നടക്കുന്നത്. മഴ പെയ്ത് വെള്ളംകയറിയ വയലുകളില്‍ നിന്നും മത്സ്യം പിടിച്ച് വില്‍പ്പന നടത്തി വരുമാനം കണ്ടെത്തുന്നവരും ജില്ലയില്‍ കുറവല്ല.