സ്ത്രീകൾക്കുള്ള സൗജന്യ യാത്രയെ തുടർന്നുണ്ടായ വരുമാന നഷ്ടം കാരണം ട്രിപ്പ് മുടക്കിയതിന് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് ഒരു ബസുടമ 'ഒരു രൂപ ചലഞ്ച്' ആരംഭിച്ചു. പിഴയടക്കാൻ യാത്രക്കാരോടും സഹപ്രവർത്തകരോടും ഒരു രൂപ വീതം സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ചാണ് ഈ വേറിട്ട പ്രതിഷേധം
കൊച്ചി: ഇന്ദിര ഗ്യാരണ്ടി അഥവാ പ്രിയദർശിനി ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനത്തെത്തുടർന്ന് സ്വകാര്യ ബസുടമകളും ജീവനക്കാരും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിനിടയിൽ, കനത്ത വരുമാന നഷ്ടം മൂലം ഉച്ചസമയത്ത് ഒരു ട്രിപ്പ് ഒഴിവാക്കിയതിന് എറണാകുളം മാഞ്ഞാലി-ആലുവ റൂട്ടിൽ ഓടുന്ന ലിറ്റിൽ ഫ്ലവർ ബസ്സിന് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തിയെന്ന ആരോപണവുമായി ബസുടമ രംഗത്തെത്തിയിരുന്നു. പെർമിറ്റ് ലംഘനം ആരോപിച്ച് ഈ-ചല്ലാൻ വഴി പറവൂർ ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് പിഴ ഈടാക്കിയത്.
ബസ് നിർത്തിയിട്ടിരിക്കുന്നത് കണ്ട് സാഹചര്യം പോലും പരിഗണിക്കാതെയാണ് എംവിഡി പിഴ ചുമത്തിയതെന്ന് ബസ് ഉടമയും ജീവനക്കാരും പറയുന്നു. ഗതികേട് കൊണ്ട് സർവീസ് നിർത്തിയതാണെന്ന് ഉദ്യോഗസ്ഥനെ വിളിച്ച് വിശദീകരിച്ചെങ്കിലും ഓൺലൈനിൽ പരാതി ലഭിച്ചതിനാലാണ് പിഴയെന്നായിരുന്നു മറുപടി. മുൻപ് പ്രിയദർശിനി പദ്ധതിയുടെ തുടക്കദിവസം പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി വേറിട്ട പ്രതിഷേധം നടത്തിയ ആളാണ് ഈ ലിറ്റിൽ ഫ്ലവർ ബസ് ഉടമ.
ഒരു രൂപ ചലഞ്ചും സോഷ്യൽ മീഡിയ പ്രതിഷേധവും
തുടർച്ചയായ പിഴത്തുക അടക്കുവാനോ സർവീസ് മുന്നോട്ട് കൊണ്ടുപോകുവാനോ കഴിയില്ലെന്ന തിരിച്ചറിവിലാണ് ബസ്സുടമയായ ഡേവിസ് വേറിട്ട സമരവുമായി രംഗത്തിറങ്ങിയത്. പിഴയടക്കാൻ വേണ്ടി ബസ്സുടമകളോടും ജീവനക്കാരോടും യാത്രക്കാരോടും ഗൂഗിൾ പേ സ്കാനർ വഴി ഒരു രൂപ വീതം സമാഹരിക്കാൻ അഭ്യർത്ഥിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖല സംരക്ഷിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കാനും അന്യായമായ പിഴയിൽ പ്രതിഷേധിക്കാനുമാണ് ഈ നീക്കം. പദ്ധതി നടപ്പാക്കി 20 ദിവസം പിന്നിടുമ്പോഴും പരിഹാരമാർഗ്ഗങ്ങൾ പ്രഖ്യാപിക്കാത്തതാണ് പ്രതിഷേധം ശക്തമാക്കുന്നത്.
വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകൾ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി കാണിച്ച് ആർടിഒയ്ക്ക് ‘ജി ഫോം’ നൽകിയിട്ടുണ്ട്. സാമ്പത്തിക നഷ്ടം മൂലമാണ് ബസുകൾ നിരത്തിലിറക്കാത്തത് എങ്കിലും, പല ഉടമകളും അത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കാൻ ജി ഫോമിൽ ‘അറ്റകുറ്റപ്പണി’ എന്നാണ് കാണിച്ചിരിക്കുന്നത്. സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞാൽ ദിവസ വരുമാനം 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് ബസുടമകൾ വ്യക്തമാക്കുന്നു.


