കോഴിക്കോട് മുക്കത്ത് ഹോട്ടലിൽ മോഷണം: ജീവനക്കാരൻ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

കോഴിക്കോട്: മുക്കം അഗസ്ത്യമുഴിയിൽ ഹോട്ടലിൽ മോഷണം നടത്തി മുങ്ങിയ ജീവനക്കാരൻ പിടിയിൽ. നേപ്പാൾ സ്വദേശി ശ്രീജൻ ദമായിയെ തമിഴ്നാട്ടിൽ വച്ചാണ് മുക്കം പൊലീസ് പിടികൂടിയത്. ഹോട്ടലിലെ ക്യാഷ് കൌണ്ടറിൽ നിന്നും 80000 രൂപയാണ് പ്രതി മോഷ്ടിച്ചത്. കടയിലെ വിശ്വസ്തനായ തൊഴിലാളിയായിരുന്നു ശ്രീജൻ.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചത്. ചെന്നൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. റെയിൽ വേ പൊലീസിന്റെ സഹായത്തോടെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ മുക്കത്ത് എത്തിച്ച് തെളിവെടുക്കും.