നാടുകാണി: അതിശക്തമായ മണ്ണിടിച്ചിലിൽ നാടുകാണി ചുരത്തിലേക്ക് വീണ വലിയ പാറക്കെട്ടുകൾ പൊട്ടിക്കുന്ന പണി ആരംഭിച്ചു. പാറ പൊട്ടിച്ച് കഴിയുന്നതോടെ ചെറുവാഹനങ്ങൾ കടത്തി വിടാനാകുമെന്നാണ് പ്രതീക്ഷ. ചുരം അടഞ്ഞതോടെ ഓണക്കാലത്ത് തമിഴ്നാട്ടില്‍ നിന്നും പച്ചക്കറിയും പൂക്കളും എത്തിച്ചിരുന്ന വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടിലായി. 

ഈ ഡിസംബറിൽ ചുരത്തിന്‍റെ പണി പൂർത്തിയാക്കാനിരിക്കെയാണ്, ഇക്കഴിഞ്ഞ ആഗസ്റ്റ് 8 ന് കനത്ത മഴയിൽ വലിയ കല്ലുകൾ വന്ന് പതിച്ച് ചുരം റോഡ് പൂർണമായും തകർന്നത്. പറ പൊട്ടിക്കാനായിയുള്ള വനം വകുപ്പിന്‍റെ അനുമതി താമസിച്ചതാണ് ചുരത്തിന്‍റെ പണി നീളാന്‍ കാരണം. ഒരാഴ്ച കൊണ്ട് മുഴുവന്‍ പറയും പൊട്ടിച്ച്, ചുരം താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. 

അതിന് ശേഷമേ ഈ ഭാഗത്തെ റോഡ് പുനർ നിർമിക്കാനാവൂ. 4 മാസമെങ്കിലുമെടുത്തേ റോഡ് പഴയപടിയാക്കാനാവൂവെന്ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വനം വകുപ്പിന്‍റെ സഹകരണത്തോടെ താല്‍ക്കാലികമായി സമാന്തരപാത നിര്‍മ്മിക്കാൻ ആലോചിച്ചിരുന്നെങ്കിലും ഇതുവരെയും തീരുമാനമായില്ല. സമാന്തര പാതയ്ക്കായി സ്ഥലം കണ്ടെത്താനുള്ള സർവ്വേ ഉടൻ നടക്കുമെന്ന് വനം വകുപ്പ് അധികൃതരും എംഎൽഎയും പറഞ്ഞു. ഓണക്കാലമായതോടെ, തമിഴ്നാട്ടില്‍ നിന്ന് സംസ്ഥാനത്തേക്ക് പച്ചക്കറിയും പൂക്കളും അടക്കമുള്ളവ കൊണ്ടുവരുന്ന ചുരം റോഡ് തകർന്നത് വ്യപാരികൾക്കും തിരിച്ചടിയായിരുന്നു.