വിവരം പെൺകുട്ടി മാതാ പിതാക്കളോട് പറയുകയും മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ഇയാൾ പിടിയിലായത്
മാന്നാർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ അധ്യാപകൻ മാന്നാറിൽ അറസ്റ്റിലായി. പതിനഞ്ചു വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ ചെന്നിത്തല തൃപെരുംതുറ അർജുൻ നിവാസിൽ ബിജു (60) വിനെ ആണ് മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്. വീടുകളിൽ പോയി കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന ആളാണ് ബിജു. ഇയാൾ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂൺ ആറിനാണ് സംഭവം നടന്നത്. ഈ വിവരം പെൺകുട്ടി മാതാ പിതാക്കളോട് പറയുകയും മാതാപിതാക്കൾ മാന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

അതേസമയം വയനാട് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാന കുറ്റത്തിന് അറസ്റ്റിലായി എന്നതാണ്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ആനപ്പാറ സ്വദേശി റീജോ എന്ന അഗസ്റ്റിൻ ജോസിനെയാണ് പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പ്രതി ട്യൂഷൻ സെന്ററിൽ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അഗസ്റ്റിൻ ജോസിനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി എന്ന മറ്റൊരു വാർത്തയും അതിനിടെ പുറത്തുവന്നിട്ടുണ്ട്. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീർ (26) നെയാണ് പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
