മാവേലിക്കര: മാവേലിക്കരയിൽ വീടിനകത്തെ അലമാര കുത്തിത്തുറന്ന് മോഷണം. ക്രിസ്മസ് ആഘോഷിക്കാൻ വീട്ടുകാർ ബന്ധുക്കളുടെ വീട്ടിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഇരുപത്തിയഞ്ചോളം പവൻ മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൊറ്റാർകാവ് കൊച്ചുതെക്കേടത്ത് ശാലേം സാമുവേൽ ടൈറ്റസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ക്രിസ്മസ് ദിവസം രാവിലെ സാമുവേൽ ടൈറ്റസിന്റെ ഭാര്യ ടി ജൂലിറ്റയും രണ്ട് പെൺമക്കളും കൊട്ടാരക്കരയിലുള്ള കുടുംബവീട്ടിൽ പോയിരുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ഇന്നലെ രാവിലെയാണ് ജൂലിറ്റയും മക്കളും മടങ്ങിയെത്തിയത്. വീടിനകത്ത് എത്തിയപ്പോഴാണ് ഗ്രില്ലിന്റെ താഴ് തുറന്നു കിടക്കുന്നതും വീടിന്റെ പ്രധാന വാതിലിന്റെ താഴ് തകർന്നിരിക്കുന്നതും ജൂലിറ്റയുടെ ശ്രദ്ധയിൽപ്പെടുന്നത്.

കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന നാല് വള, മൂന്ന് മാല, കമ്മൽ, മോതിരം ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ അപഹരിക്കപ്പെട്ടതായി ജൂലിറ്റ പൊലീസിൽ പറഞ്ഞു. 25 പവനോളം വരുന്ന ആഭരണങ്ങൾ സാരിയിൽ പൊതിഞ്ഞു അലമാരയ്ക്കുള്ളിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. അലമാരയിലെ വസ്ത്രങ്ങൾ പൂർണമായും വലിച്ചു വാരിയിട്ടിരുന്നുവെന്നും ജൂലിറ്റ കൂട്ടിച്ചേർത്തു. വിവരമറിഞ്ഞയുടൻ എസ്ഐ എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.