ചെറുപ്പം മുതലേ ഇരട്ടകളാൽ ചുറ്റപ്പെട്ട ഒരു വിവാഹം വേണമെന്നത് വധുക്കളായ മാഗിയുടെയും മരിയയുടെയും വലിയൊരു ആഗ്രഹമായിരുന്നു.
ചങ്ങനാശ്ശേരി: ഇരട്ട വരന്മാർ, ഇരട്ട വധുക്കൾ, കർമ്മങ്ങൾക്ക് നേതൃത്വം നൽകി ഇരട്ട വൈദികരും വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ച് ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിൽ വ്യാഴാഴ്ച നടന്ന വിവാഹചടങ്ങിലാണ് സുപ്രധാന റോളിൽ എല്ലാം ഇരട്ടകളുടെ സാന്നിധ്യമുണ്ടായത്. ചങ്ങനാശ്ശേരി വെട്ടുപറമ്പിൽ കുഞ്ഞുമോൻ തോമസിന്റെയും ജോമോളുടെയും മക്കളായ അഖിൽ കെ. തോമസും നിഖിൽ കെ. തോമസും വിവാഹിതരായത് ഇരട്ട സഹോദരിമാരുമായാണ്. പത്തനംതിട്ട ജില്ലയിലെ കുളത്തൂർ കുമ്പളുവേലിൽ ടോമിച്ചന്റെയും മേരിക്കുട്ടിയുടെയും മക്കളായ മാഗി മേരി തോമസിനെ അഖിലും, മരിയ മേരി തോമസിനെ നിഖിലും വിവാഹം ചെയ്തത്.
വിവാഹത്തിന് എത്തിയവരെയും ജനശ്രദ്ധയെയും ഒരേപോലെ ആകർഷിച്ചത് വരന്മാരും വധുക്കളും മാത്രമല്ല, അവർക്ക് ആശീർവാദം നൽകിയ വൈദികർ കൂടിയായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇരട്ട വൈദികരായ ഫാദർ ആന്റോ പെഴുങ്കാട്ടിലും ഫാദർ അജോ പെഴുങ്കാട്ടിലുമാണ് ഈ അപൂർവ്വ വിവാഹത്തിന് നേതൃത്വം നൽകിയത്. കൂടാതെ അൾത്താരയിൽ വൈദികരെ സഹായിക്കാൻ നിന്ന ശുശ്രൂഷികളായ പാലാ സ്വദേശികളായ ജെറോൺ ജെയിംസ്, ജോഹൻ ജെയിംസ് എന്നിവരും ഇരട്ട സഹോദരങ്ങളായിരുന്നു.
ചടങ്ങുകളിലുടനീളം ഇരട്ടകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നത് യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. ചെറുപ്പം മുതലേ ഇരട്ടകളാൽ ചുറ്റപ്പെട്ട ഒരു വിവാഹം വേണമെന്നത് വധുക്കളായ മാഗിയുടെയും മരിയയുടെയും വലിയൊരു ആഗ്രഹമായിരുന്നു. ഇതിനായി ഇരട്ട വൈദികരെ തേടിപ്പിടിച്ചത് ഇവർ തന്നെയാണ്. ഇരട്ടകളുടെ കൂടിച്ചേരലുകൾക്ക് പ്രശസ്തമായ കോതനല്ലൂർ പള്ളി വഴിയാണ് ഇവർ ഫാദർ ആന്റോയെയും ഫാദർ അജോയെയും ബന്ധപ്പെട്ടതും ചടങ്ങിലേക്ക് ക്ഷണിച്ചതും. മർച്ചന്റ് നേവി ഉദ്യോഗസ്ഥരാണ് അഖിലും നിഖിലും. വധുക്കളായ മാഗിയും മരിയയും ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ജനനം മുതൽ ഒരുമിച്ച് വളരുകയും തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും പങ്കുവെക്കുകയും ചെയ്ത ഈ കുടുംബങ്ങൾക്ക് വിവാഹത്തിനും ഇരട്ടകളുടെ സാന്നിധ്യം വേണമെന്നുള്ള നിർബന്ധമാണ് വേറിട്ട വിവാഹ കാഴ്ചകളിലേക്ക് എത്തിച്ചത്.


