പേരാമ്പ്ര: ഇരട്ടസഹോദരന്മാര്‍ക്ക് ഇരട്ട സഹോദരിമാര്‍ വധുക്കളായെത്തിയപ്പോള്‍ വിവാഹം ആശീര്‍വ്വദിക്കാനെത്തിയത് ഇരട്ടകളായ യുവ വൈദികര്‍. കിടങ്ങൂര്‍ കട്ടച്ചിറ സ്വദേശി ജോസുകുട്ടി ആലീസ് ദമ്പതികളുടെ മക്കളുടെ വിവാഹത്തിനാണ് അപൂര്‍വ്വ സംഭവം. 

പേരാമ്പ്ര പൂഴിത്തോട് സ്വദേശി കൈതക്കുളം ജോസഫ് -ആൻസി ദമ്പതികള്‍ക്ക് മരുമക്കളായി ഇരട്ടകളെ തന്നെ വേണമെന്ന ആഗ്രഹമാണ് ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടത്. സുഹൃത്തുക്കളായ ഇരട്ട വൈദികര്‍ വിവാഹം ആശീര്‍വദിക്കാനെത്തിയതോടെ അജിത്തിനും ആനന്ദിനും സന്തോഷവും ഇരട്ടിയായി. 

പേരാമ്പ്ര സെന്റ് ഫ്രാൻസിസ് പള്ളിയിൽ ഇന്നലെ നടന്ന വിവാഹത്തിൽ അജിത് അനിലയെയും ആനന്ദ് അമലയെയും മിന്നുകെട്ടി. ചങ്ങനാശേരി അതിരൂപതയിലെ വൈദികരായ ഫാ. ജസ്റ്റിൻ കുന്നംകുളത്തുശേരിയും ഫാ. ജെന്നി കുന്നംകുളത്തുശേരിയുമാണ് വിവാഹത്തിന് കാര്‍മികരായത്.

പെണ്‍മക്കളുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഇരട്ടകള്‍ തന്നെ വേണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവിചാരിതമായാണ് എല്ലാം ഒത്തുവന്നതെന്ന് അമലയുടേയും അനിലയുടേയും പിതാവ് ജോസുകുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ബാംഗ്ലൂർ സെന്റ് മർത്താസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സാണ് അനില. അമല സൗദിയിൽ സ്റ്റാഫ് നഴ്‌സും. ആനന്ദും അജിത്തും സോഫ്റ്റ്‌വെയർ ഡവലപ്പര്‍മാരാണ്.