നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിക്കുന്നതാണ് പൊട്ടൽ പതിവാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയോടെ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വിവരം.
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടിയതോടെ നഗരസഭയിലെ അടക്കം രണ്ടരലക്ഷം കുടുംബങ്ങൾ ദുരിതത്തിൽ. നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിക്കുന്നതാണ് പൊട്ടൽ പതിവാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയോടെ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് വിവരം.
വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് ആലപ്പുഴ നഗരസഭയിലെ മിക്ക വാർഡുകളിലെയും ജനങ്ങള്‍. പൈപ്പ് പൊട്ടൽ തുടർക്കഥആയതോടെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് അവര്‍. ആകെ ആശ്രയം ജല അതോറിറ്റി ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളമാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തകഴി ലെവൽക്രോസിന് സമീപം ശുദ്ധജലപദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടിയത്. ഇതോടെ കരുമാടിയിലെ സംഭരണകേന്ദ്രത്തിൽ നിന്നുള്ള പമ്പിംഗ് നിർത്തിവച്ചു. ഇതോടെ ജില്ലയിലെ എട്ടു പഞ്ചായത്തുകളിലേക്കും ആലപ്പുഴ നഗരത്തിലേക്കുമുള്ള കുടിവെള്ള വിതരണവും നിലച്ചു.
റോഡ് പൊളിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതി തേടിയിട്ടുണ്ട്. മാറ്റി സ്ഥാപിക്കാനുള്ള പുതിയ പൈപ്പ് കരുമാടിയിലെ പ്ലാന്‍റില്‍ തയ്യാറായെന്നും കുടിവെള്ളപ്രശ്നം വൈകാതെ പരിഹരിക്കുമെന്നുമാണ് ജല അതോറിറ്റിയുടെ വിശദീകരണം.
