തിരുവനന്തപുരം: തുണിക്കടയിൽ അതിക്രമിച്ച് കയറി തന്നെയും മാതാവിനെയും ഉപദ്രവിച്ചുവെന്നുള്ള യുവാവിന്‍റെ പരാതിയിൽ രണ്ട് യുവാക്കളെ നേമം പൊലീസ് പിടികൂടി. കോലിയക്കോട് അശ്വതി ഭവനിൽ അരുൺ (24), പൂഴിക്കുന്ന് മേക്കേത്തട്ട് പുത്തൻവീട്ടിൽ 'നൂല് സജു' എന്ന് വിളിക്കുന്ന സജു (28) എന്നിവരാണ് പിടിയിലായത്. 

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. തൃക്കണ്ണാപുരത്ത് തുണിക്കട നടത്തുന്ന തൃക്കണ്ണാപുരം പാലത്തിന് സമീപം ജിതിൻ ഭവനിൽ ബാബുവിന്‍റെ മകൻ ജിതിൻ ബാബു (24) ആണ് പരാതിക്കാരൻ. സംഭവ ദിവസം തുണിക്കടയിലെത്തിയ പ്രതികൾ കടയിലുണ്ടായിരുന്ന ജിതിനെയും മാതാവിനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും 1200 രൂപ അപഹരിക്കുകയും ചെയ്തുവെന്നാണ് പരാതി. 

വ്യക്തിവൈരാഗ്യമായിരുന്നു ആക്രമണത്തിനുള്ള കാരണമായി പറഞ്ഞത്.  സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. നേമം സി.ഐ ബൈജു എല്‍.എസ് നായര്‍, ക്രൈം എസ്.ഐ സുദീഷ്‌കുമാര്‍, എസ്.ഐമാരായ സനോജ്, ദീപു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.