പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ക്ഷേത്രത്തിനു സമീപം റോഡിൽ നിന്ന് സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ചനടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുൾപ്പടെ രണ്ടുപേർ പിടിയിൽ. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗ് (23) ആണ് പിടിയിലായത്. 

കഴിഞ്ഞ 23ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച്  അങ്ങാടിപ്പുറം സ്വദേശിയായ സ്ത്രീയുടെ മാല ബൈക്കിൽ വന്ന രണ്ടുപേർ പൊട്ടിച്ച് ബൈക്ക് വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി വീടുവിട്ട് ഇറങ്ങേണ്ടി വന്നതായും ഒന്നിച്ച് ജീവിക്കാനാവശ്യമായ പണം കണ്ടെത്താനും വാഹനവും മറ്റും വാങ്ങാനും രണ്ട് പേരും ആലോചിച്ച് കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഇതെന്ന് പറഞ്ഞു. ബൈക്കിന്റെ പിന്നിലിരുന്നത് കാമുകിയാണെന്നും  പ്രതി  പൊലീസിനോട് വ്യക്തമാക്കി. പ്രതികൾ ഇത്തരത്തിൽ മറ്റു കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും കവർച്ച ചെയ്ത മാല റിക്കവറി നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.