മോഷ്ടിച്ച പോത്തുകളുമായി എയ്‌സ് വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.ചെന്നിത്തല കോട്ടമുറിയില്‍ സംശയാസ്പദമായി കണ്ട യുവാക്കളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസിന്‍റെ ചുരുളഴിഞ്ഞത്
മാന്നാര്‍: പോത്ത് മോഷ്ടാക്കളായ നാലംഗ സംഘത്തിലെ യുവാക്കളായ രണ്ട് പേരെ പിടികൂടി. രണ്ട് പേര്‍ ഒളിവിലാണ്. ചെന്നിത്തല കാരാഴ്മ മുണ്ടോലി കടവില്‍ വാടകയ്ക്ക് താമസിക്കുന്ന കൈയ്യാലയ്ക്കകത്ത് ജോസിന്റെ മകന്‍ ടാങ്കര്‍ ലോറി കിളിയായ സുജിത്ത് (27), ചാരുംമൂട്ടില്‍ താമസിക്കുന്ന തൊടുപുഴ ആക്കുളം പടിഞ്ഞാറെ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ടാങ്കര്‍ ലോറി ഡ്രൈവറായ രാജീവ് (36) എന്നിവരെയാണ് മാന്നാര്‍ പെലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. പോത്തിനെ വിറ്റ് ഉപജീവനം നടത്തുന്ന തൃപ്പെരുന്തുറ ഉദയംപുറത്ത് കുഞ്ഞുമോന്‍ (74) ന്റെ രണ്ട് പോത്തുകളെയാണ് ഇവര്‍ മോഷ്ടിച്ചത്. വലിയപെരുമ്പുഴ പാലത്തിന് സമീപമുള്ള വിശാലമായ പുരയിടത്തിലാണ് ഇയാള്‍ പോത്തുകളെ തീറ്റുന്നതും, കെട്ടുന്നതും. മോഷ്ടിച്ച പോത്തുകളുമായി എയ്‌സ് വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ ഒരുതുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനില്‍ പി കോരയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
നിരീഷണത്തിലായ പ്രതികളുടെ ഫോണ്‍ കോളുകള്‍ ശേഖരിച്ച് അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് പട്രോളിങിന് ഇറങ്ങിയ പൊലീസ് സംഘം ചെന്നിത്തല കോട്ടമുറിയില്‍ സംശയാസ്പദമായി കണ്ട യുവാക്കളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. എയ്‌സ് വാഹനം വാടകയ്ക്ക് എടുത്ത് പോത്തിന് കയറ്റി ഇവര്‍ താമരക്കുളം വയ്യാങ്കര ചന്തയില്‍ നൂറനാട് സ്വദേശിക്ക് 16500 രൂപായ്ക്ക് വിറ്റതായും ഒളിവിലായ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലിസ് പറഞ്ഞു.
