എറണാകുളം: എറണാകുളം കാലടിയിൽ നിർത്തിയിട്ട ബസിന്‍റെ ചില്ലുകൾ തകർത്ത കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര സ്വദേശി ബിബിൻ, ശ്രീഭൂതപുരം സ്വദേശി അനീഷ് എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കാലടിയിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസ്സുകളുടെ ചില്ലുകൾ പ്രതികളായ ബിബിനും അനീഷും അടിച്ച് തകർത്തത്. പ്രതികളുടെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. 

ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന മറ്റ് രണ്ട് ബസുകളിലെ ജീവനക്കാരാണ് ഇവർ. മേക്കാലടി പുളിക്കൽ വീട്ടിൽ പി ബി സുനീറിന്റെ വിനായക, ശ്രേയസ് ബസുകളാണ് പ്രതികൾ അടിച്ച് തകർത്തത്. ബസ് ഉടമയുമായി ഉണ്ടായ തർക്കമാണ് ബസുകൾ ആക്രമിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.