കോഴിക്കോട്: മലമാനിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. പൂനൂര്‍ തേക്കുംതോട്ടം പാറക്കല്‍ ജംഷാദ്, കോരങ്ങാട് ചിങ്ങണാംപൊയില്‍ പെരിങ്ങോട്ട് ഷുക്കൂര്‍ എന്നിവരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജംഷാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാനിന്റെ ഇറച്ചി കണ്ടെത്തുകയായിരുന്നു. ജംഷാദില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷുക്കൂര്‍ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും മാനിറച്ചി കണ്ടെടുത്തു.

താമരശ്ശേരി കോരങ്ങാട് ആറ്റുസ്ഥലം പള്ളിയാലില്‍ ഫൈസലിന്റെ വീട്ടില്‍ നിന്നും വേട്ടക്കുപയോഗിച്ച കെ എല്‍ 11 ഇ 3130 നമ്പര്‍ ജീപ്പും കള്ളതോക്കും വനപാലകര്‍ പിടിച്ചെടുത്തു. ഫൈസലിനെ പിടികൂടാനായിട്ടില്ല. കത്തികള്‍, ലൈറ്റ് തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വയനാട് വൈത്തിരി ഭാഗത്തെ സ്വകാര്യ എസ്റ്റേറ്റിന് സമീപത്തുനിന്നാണ് ഇവര്‍ മാനിനെ വേട്ടയാടിയതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേസില്‍ അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെയും തൊണ്ടി മുതലുകളും മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചിന് കൈമാറി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.