പരിശോധനയില്‍ കെണി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കേബിള്‍, ഹെഡ്‌ലൈറ്റ്, അമ്പും വില്ലും തുടങ്ങിയവ കണ്ടെത്തി. ഇവര്‍ തോട്ടത്തില്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയാണ് പുലി ചത്തതെന്ന് മനസിലാക്കിയ അന്വേഷണ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

കല്‍പ്പറ്റ: പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ പുള്ളിപുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ട് തൊഴിലാളികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. സ്വകാര്യവക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തൊഴിലാളികളായ കാവുംമന്ദം മാടക്കുന്ന് മേലെ കള്ളന്‍തോട് എസ് രതീഷ് (30), കള്ളന്‍തോട് എന്‍ സി. ചന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. തോട്ടത്തിന് സമീപത്തെ പാടിയിലാണ് ഇരുവരും താമസിക്കുന്നത്. 

തോട്ടത്തില്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങി പുലി ചാകാനിടയായ സംഭവത്തില്‍ അന്വേഷണം നടത്തവെ അറസ്റ്റിലായ ഇരുവരും വന്യമൃഗങ്ങളെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കി വില്‍ക്കുന്നവരാണെന്ന് വിവരം വനംവകുപ്പിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു. പാടിയില്‍ നടത്തിയ പരിശോധനയില്‍ കെണി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കേബിള്‍, ഹെഡ്‌ലൈറ്റ്, അമ്പും വില്ലും തുടങ്ങിയവ കണ്ടെത്തി. ഇവര്‍ തോട്ടത്തില്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയാണ് പുലി ചത്തതെന്ന് മനസിലാക്കിയ അന്വേഷണ സംഘം രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മഞ്ഞളാംകൊല്ലിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ പുള്ളിപുലിയ ചത്ത നിലയില്‍ കണ്ടെത്തിയത്. എസ്‌റ്റേറ്റ് ഉടമകളായ മനോജ് കൊട്ടാരം, ഇലോണ്‍ എന്നിവര്‍ക്കെതിരെ സംഭവദിവസം തന്നെ വനംവകുപ്പ് കേസെടുത്തിരുന്നു. മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി ഷിജു ജോസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. ഗിരീഷ്, കെ.ആര്‍. വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഐശ്വര്യ സൈഗാള്‍, എം സി ബാബു, എം പി മോഹനന്‍, പി എസ് അജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.