സ്വന്തമായി മുക്കുപണ്ടം നിര്‍മിച്ച് ബാങ്കുകളില്‍ പണയം വെച്ചു; ലക്ഷങ്ങള്‍ തട്ടിയ രണ്ടംഗ സംഘം പിടിയില്‍
ചെങ്ങന്നൂരിലെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും 18 ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ചെങ്ങന്നുര്‍: വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേരെ ചെങ്ങന്നൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ കീച്ചേരിമേൽ ചരിവ് പുരയിടത്തിൽ വീട്ടിൽ കനകൻ(49), മുളവൂർ പേഴക്കാപ്പിള്ളി തട്ടുപറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ (64) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടപ്പൻ നിർമ്മിക്കുന്ന മുക്കുപണ്ടങ്ങൾ കനകൻ വിവിധ ബാങ്കുകളിൽ പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ചെങ്ങന്നൂരിലെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും 18 ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2021 മുതൽ പല ദിവസങ്ങളിലായി കനകൻ ബാങ്കിലെത്തി മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ചെങ്ങന്നൂർ എസ്.എച്ച്.ഒ എ.സി വിപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.എസ് ശ്രീജിത്ത്, ടി.എൻ ശ്രീകുമാർ, സി.പി.ഒമാരായ രതീഷ്, ജിജോ സാം, സനിൽകുമാർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
'ആദ്യം 13 പവൻ, പിന്നാലെ 17.5 പവൻ, എല്ലാം മുക്കുപണ്ടം'; ഒരേ ബാങ്കിൽ 2 തവണ പണയം വെച്ച് തട്ടിയത് 9.5 ലക്ഷം !
ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോലയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പൊലീസ് പിടികൂടി. രണ്ട് തവണയായി ഒൻപതര ലക്ഷത്തോളം രൂപയാണ് ഒരേ ബാങ്കിൽ നിന്നും തട്ടിയെടുത്തത്. മൂന്നാം തവണ എട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. നെടുംകണ്ടം ചെമ്മണ്ണാർ സ്വദേശികളായ തെങ്ങുപുള്ളിയിൽ സ്റ്റെഫാൻ സൺ എന്നു വിളിക്കുന്ന ബിലാൽ കല്ലിടയിൽ ജോൺസൺ എന്നിവരാണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്.
കേസിലെ മറ്റൊരു പ്രതിയായ ചെമ്മണ്ണാർ സ്വദേശി കിഴക്കേ്കുറ്റ് ടിജോയെ ഞാറയ്ക്കൽ പൊലീസും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ് 16 ന് കേരള ബാങ്കിന്റെ ചെമ്മണ്ണാർ ശാഖയിൽ 13 പവൻ മുക്കു പണ്ടം പണയം വെച്ച് ജോൺസൺ മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്തു. ഓഗസ്റ് 25 ന് ബിലാൽ പതിനേഴര പവൻ പണയം വെച്ച് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു. തുടർന്ന് കഴിഞ്ഞ ദിവസം 27 പവനുമായി ഇരുവരും ബാങ്കിൽ എത്തി. എട്ട് ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഇത്തവണ തട്ടിയെടുക്കാൻ ശ്രമിച്ചത്.
സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഇത് മനസ്സിലാക്കിയ രണ്ടു പേരും അവിടെ നിന്നും രക്ഷപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബിലാലും ജോൺസനും ടിജോയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് സൂചന. പെരുമ്പാവൂർ സ്വദേശിയിൽ നിന്നും വാങ്ങിയ മുക്കുപണ്ടമാണ് ഇവർ പണയം വെച്ചിരുന്നത്. മൂന്നു പേർക്കെതിരെയും ഇടുക്കി എണറാകുളം ജില്ലകളിൽ മറ്റു കേസുകളുമുണ്ട്.