നാല് യുവാക്കളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുമെന്ന് പൊലീസ് പറഞ്ഞു. 

ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. മാവേലിക്കര പള്ളിക്കൽ പ്രണവ് ഭവനിൽ പ്രവീൺ (കൊച്ചുപുലി-23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത് ഭവനിൽ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനിൽ സജിത്(21) എന്നിവരാണ് പിടിയിലായത്. 

ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കായംകുളത്തേയ്ക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുമെന്ന് പൊലീസ് പറഞ്ഞു. നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി സജിമോൻ, ചേർത്തല ഡി.വൈ.എസ്.പി ബെന്നി ചേർത്തല പൊലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, മഹേഷ്, ശ്യാം, സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ സുനിൽ, സിവില്‍ പൊലീസ് ഓഫീസര്‍ നിധി, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. 

Read also:  വിശ്വസിക്കാൻ പോലും പ്രയാസം, അബദ്ധത്തിൽ സ്വന്തം നാവ് കടിച്ച യുവതിക്ക് സംഭവിച്ചത്, ഞെട്ടി ഡോക്ടർമാരും

കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായിരുന്നു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ വച്ച് എക്‌സൈസ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും, മലപ്പുറം ജില്ലാ സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാര്‍ വി.ആര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് അബ്ദുല്‍ സലീം, മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ്.ജി സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അലി, പി സുബിന്‍, പ്രഭാകരന്‍ പള്ളത്ത് ഡ്രൈവര്‍മാരായ നിസാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്