കോഴിക്കോട്: തിരുവമ്പാടി ചവലപ്പാറയിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത രണ്ട് പേരെ മുക്കത്ത് വെച്ച് പൊലീസ് പിടികൂടി. കല്ലുരുട്ടി സ്വദേശി മുഹമ്മദ് അഫ്സൽ, മലയമ്മ സ്വദേശി ജസീം വി.കെ എന്നിവരെയാണ് തിരുവമ്പാടി പൊലീസ് പിടികൂടിയത്.

ഈ മാസം അഞ്ചാം തിയതി ഉച്ചക്ക് ശേഷം തിരുവമ്പാടി ഹൈസ്കൂളിനടുത്ത് വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ജോലി തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞ് ഇവർ ബൈക്കിൽ കയറ്റി കൊണ്ട് പോയി. പിന്നാലെ ചവലപ്പാറയിൽ എത്തിയപ്പോൾ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. പിടികൂടിയ അഫ്സലിന്റെ പേരിൽ കുന്ദമംഗലം, കൊടുവള്ളി, കോടഞ്ചേരി സ്റ്റേഷനുകളിലായി നാലോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 

തിരുവമ്പാടി ഐ.പി ഓഫീസർ ഷാജു ജോസഫിന് ലഭിച്ച വിവരത്തെ തുടർന്ന് എസ്.ഐമാരായ മധു, ബേബി മാത്യു എസ്.സി.പി.ഒമാരായ വിജേഷ്കുമാർ, ജദീർ, സിപിഒമാരായ അനീസ്, മനീഷ്, സെബാസ്റ്റ്യൻ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.