ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്...

മലപ്പുറം: കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി (Cannabis) രണ്ട് പേര്‍ പൊലീസിന്റെ (Police) പിടിയിലായി. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ് (28), അബ്ദുല്‍ ഗഫൂര്‍ (31)എന്നിവരെയാണ് മലപ്പുറം (Malappuram) കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി. എം പി പ്രദീപിന്റെ നിര്‍ദേശനുസരണം മലപ്പറം പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ വി അമീറലി, മുഹമ്മദ് അലി, എം ഗിരീഷ്, സിയാദ് കോട്ട, ആന്റി നര്‍കോട്ടിക് ടീം അംഗങ്ങളായ ദിനേഷ്, മുഹമ്മദ് സലീം. ജ, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, ഹമീദലി, പി രജീഷ്, ജാഫര്‍, എം ഉസ്്മാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

കണ്ണൂരിൽ മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ, അന്വേഷണം കണ്ണികൾക്ക് പിന്നാലെയെന്ന് പൊലീസ്

കണ്ണൂർ: വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി (Drug) കണ്ണൂരിലെ (Kannur) മൊകേരിയിൽ യുവതി പിടിയിൽ (Arrest). മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് (MDMA) യുവതി പിടിയിലായത്. മൊകേരിയിലെ നിര്‍മല ടാക്കീസിന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടില്‍പ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യയിൽ നിന്നാണ് 740 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയത്. ശരണ്യയിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. 

മയക്കുമരുന്നിനായെന്ന പേരിൽ ശരണ്യയെ മൊകേരിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ശരണ്യയ്ക്ക് പിന്നിലെ റാക്കറ്റിനെ കണ്ടുപിടിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐ ടി ഷമീറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

കാക്കനാട് എംഡിഎംഎ കേസ്, മുഖ്യപ്രതി ഷംസുദ്ദീൻ സേട്ട് അറസ്റ്റിൽ

കൊച്ചി: കാക്കനാട് എംഡിഎംഎ (Kakkanad MDMA Case) കേസിലെ മുഖ്യപ്രതി ഷംസുദ്ദീൻ സേട്ട് അറസ്റ്റിൽ. മധുരയിൽ വെച്ചാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎയുടെ മൊത്ത വിതരണക്കാരനാണ് ഷംസുദീൻ സേട്ട്. ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി നടന്നതോടെ വലിയ വിവാദത്തിലായ കേസാണ് കാക്കനാട് എം‍ഡിഎംഎ കേസ്. കേസിലെ പ്രതികൾ ഷംസുദ്ദീൻ സേട്ടിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് വ്യക്തമായിരുന്നു. പ്രതികൾ ഇയാളുടെ അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയായിരുന്നു കാക്കാനാട് കേസിൽ ആദ്യം എക്സൈസ് പിടികൂടിയത്. എന്നാൽ കേസിൽ ഉൾപ്പെട്ട ചിലരെ പ്രതി ചേർക്കാതെ വിട്ടയച്ചതും മാൻകൊമ്പടക്കം ഇവരിൽ നിന്ന് പിടികൂടിയതുൾപ്പെടെ മഹസറിൽ ചേർക്കാഞ്ഞതും വിവാദമുണ്ടാക്കി. പിന്നാലെ കേസ് സ്പെഷ്യൽ സംഘത്തെ ഏ‌‌‌ൽപ്പിച്ചു. അന്വേഷണം നടത്തിയ സംഘം കേസിൽ 4000 പേജുള്ള കുറ്റപത്രം എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

കോഴിക്കോട് സ്വദേശി മുഹമ്മദ് ഫവാസ് ആണ് കേസിലെ ഒന്നാം പ്രതി. ശ്രീമോൻ രണ്ടാം പ്രതിയും മുഹമ്മദ് അജ്മൽ മൂന്നാം പ്രതിയുമാണ്. കേസിലെ 19 പ്രതികളിൽ 3 പേർ വിദേശത്തും 3 പേർ ഇന്ത്യയിലുമായി ഒളിവിലാണുള്ളത്. എക്സൈസ് കേസ് എടുക്കാതെ വിട്ടയച്ച ഫൈസൽ ഫവാസ് പിന്നീട് വിദേശത്തേക്ക് കടന്നിരുന്നു. നേരത്തെ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്ന മയക്കുമരുന്ന് ഇടപാട് അവിടെ പിടിക്കപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.