Asianet News MalayalamAsianet News Malayalam

മുത്തങ്ങയില്‍ എക്‌സൈസിന്‍റെ വന്‍ കുഴല്‍പ്പണവേട്ട; 80 ലക്ഷം രൂപ പിടികൂടി

മംഗലാപുരം ഭാഗത്ത് ജ്വല്ലറി ജീവനക്കാരാണെന്നും കണ്ണൂര്‍ കൂട്ടുപുഴ റോഡ് ബ്ലോക്കായതിനാല്‍ മുത്തങ്ങ വഴി വരികയായിരുന്നുവെന്നും മംഗലാപുരത്തേക്കാണ് പണം കൊണ്ടുപോകുന്നതെന്നും പിടിയിലായവര്‍ പറഞ്ഞു

two arrested with illegal money
Author
Muthanga, First Published Aug 22, 2019, 7:44 PM IST

കല്‍പ്പറ്റ: മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച 80 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍  വാഹന പരിശോധനക്കിടെ രാവിലെ പതിനൊന്നരയോടെ ഹൈദരബാദില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ രണ്ട് യാത്രക്കാരില്‍ നിന്നാണ് 80,41,450 രൂപ കണ്ടെടുത്തത്.

മഹാരാഷ്ട്ര സ്വദേശികളായ ശങ്കര്‍ വിത്തല്‍ ഖണ്ഡാരെ (23), രോഹിത് ഉമേഷ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എം മജുവിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബൈജു, പ്രിവന്റീവ് ഓഫീസര്‍ കെ ജി ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വി രജിത്ത്, ജോഷി തുമ്പാനം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം ജെ ജലജ, കെ സി പ്രീജ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

മംഗലാപുരം ഭാഗത്ത് ജ്വല്ലറി ജീവനക്കാരാണെന്നും കണ്ണൂര്‍ കൂട്ടുപുഴ റോഡ് ബ്ലോക്കായതിനാല്‍ മുത്തങ്ങ വഴി വരികയായിരുന്നുവെന്നും മംഗലാപുരത്തേക്കാണ് പണം കൊണ്ടുപോകുന്നതെന്നും പിടിയിലായവര്‍ പറഞ്ഞു. പണവും പ്രതികളെയും സുല്‍ത്താന്‍ ബത്തേരി പൊലീസിന് കൈമാറി.

Follow Us:
Download App:
  • android
  • ios