കൊച്ചി നഗരത്തിൽ രണ്ടിടത്തായി നടന്ന ലഹരിവേട്ടയിൽ 48 ഗ്രാം എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളായ പ്രശാന്ത്, പ്രണവ് എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

കൊച്ചി: എറണാകുളം നഗരത്തിൽ രണ്ടിടത്ത് നിന്നായി വൻ ലഹരിവേട്ട. 48 ഗ്രാം എംഡിഎംഎയും 149.68 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണയന്നൂർ താഴത്തെ കുട്ടി വീട്ടിൽ പ്രണവ് (22), പൂണിത്തുറ പ്ലക്കാട്ട് വീട്ടിൽ പ്രശാന്ത് (44) എന്നിവരാണ് അറസ്റ്റിലായത്. പ്രണവിനെ ചേരാനല്ലൂർ ജിഎൽപി സ്‌കൂളിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ മരടിലെ വെൽ കെയർ ആശുപത്രിക്ക് സമീപത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിൽ നേരിട്ട് പോയി എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന പ്രധാനികളിൽ ഒരാളാണ് പ്രശാന്തനെന്ന് പൊലീസ് പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ.അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് രണ്ട് പ്രതികളെയും പിടികൂടിയത്. രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന അടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.