മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ വെച്ച് 14 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് നാട്ടിൽ ചില്ലറ വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ഈ മാരക ലഹരിമരുന്ന്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മാവേലിക്കര: മാവേലിക്കരയിൽ 14 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. പുന്നപ്ര പുതുവൽ വീട്ടിൽ അനന്തു സജി (27), മുതുകുളം നിധിൻ ഭവനം വീട്ടിൽ നിധിൻ (25) എന്നിവരാണ് അറസ്റ്റിലായത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ സമയത്ത് ജില്ലാ ഡാൻസാഫ് (DANSAF) ടീമും മാവേലിക്കര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്ലാസ്റ്റിക് സിപ് ലോക്ക് കവറുകളിലാക്കിയ നിലയിലായിരുന്നു മാരക രാസലഹരിയായ എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
വർഷങ്ങളായി ലഹരിക്കച്ചവടം നടത്തുകയും യുവാക്കളെയും കുട്ടികളെയും ലഹരിക്കടിമകളാക്കുകയും ചെയ്യുന്നതായി പ്രതികൾക്കെതിരെ പൊലീസിന് മുൻപ് തന്നെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽനിന്ന് വാങ്ങിയ എംഡിഎംഎ നാട്ടിൽ ചില്ലറ വിൽപന നടത്താനായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അനന്തു സജി നിരവധി ബൈക്ക് മോഷണ കേസുകളിലും പ്രതിയാണ്. ലഹരിക്കെതിരെ ജില്ലയിലുടനീളം ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്.
ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഐ.പി.എസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി അലക്സ് ബേബി, മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. മാവേലിക്കര സ്റ്റേഷൻ ഹൗസ് ഓഫിസര്‍ സബിത ശിവദാസ്, സബ് ഇൻസ്പെക്ടർമാരായ സുധീപ്, അംജദ് ഖാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ നോബിൾ, സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ശാലിനി എസ്. പിള്ള, സിവിൽ പൊലീസ് ഓഫിസര്‍മാരായ ജിഷ്ണു, മിഥുൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


