ഇടുക്കി: ഒപ്പം പഠിക്കുന്ന കൂട്ടുകാരെല്ലാം ഓൺലൈൻ ക്ലാസ്സുകളിൽ സജീവമാകുമ്പോഴും വൈദ്യുതിയില്ലാത്ത വീട്ടിലിരുന്ന് വെളിച്ചത്തെ സ്വപ്നം കാണുകയാണ് രണ്ട് കുരുന്നുകൾ. ഇടുക്കി ജില്ലയിലെ മൂന്നാറിൽ താമസിക്കുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥി ദശ്വിനും സഹോദരൻ ചന്ദ്രുവും ഇപ്പോഴും വെളിച്ചത്തിന് ആശ്രയിക്കുന്നത് മെഴുകുതിരികളെയാണ്. മൂന്നാര്‍ ടൗണില്‍ തന്നെയുള്ള ടെമ്പിള്‍ ലൈനിനു സമീപത്തായാണ് മുപ്പത് വർഷമായി ഇലക്ട്രീഷ്യനായ മണിവർണനും ശിൽപ്പയും ഇവരുടെ മക്കളായ ദശ്വിനും ചന്ദ്രുവും താമസിക്കുന്നത്. പക്ഷേ ഇതുവരെ വീട്ടിൽ വൈദ്യുതി എത്തിയിട്ടില്ല. വെളിച്ചമില്ലാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനവും ഇരുട്ടിലാണ്.

സബ് കളക്ടറുടെ ഉത്തരവുണ്ടായിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് ഈ കുടുംബം പറയുന്നു. വൈദ്യുതി ലഭിക്കുന്നതിന് വേണ്ടി ധാരാളം അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു. ''ഇടുക്കി ജില്ലാ കളക്ടറെ നേരിട്ടു കണ്ട് അപേക്ഷ നല്‍കിയിരുന്നു. പരിഗണിക്കാമെന്നായിരുന്നു മറുപടി ലഭിച്ചത്. വീണ്ടും പഞ്ചായത്ത് ഓഫീസില്‍ ചെന്ന് വൈദ്യുതി കണക്ഷനു വേണ്ടി ആവശ്യമായ രേഖകള്‍ വാങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ദേവികുളം കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. അപേക്ഷ പരിഗണിച്ച സബ്കളക്ടര്‍ ബന്ധപ്പെട്ടവരോട് ഉടന്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാൽ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല. മണിവർണൻ പറയുന്നു. 

ഇവരുടെ സമീപത്തുള്ള വീടുകളിലെല്ലാം വൈദ്യുതി കണക്ഷനുണ്ട്. വൃദ്ധരായ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. പ്രായാധിക്യം മൂലം അവശത നേരിടുന്ന ഇവർക്കും വെളിച്ചമില്ലാത്തത് മൂലം ബുദ്ധിമുട്ടുകളുണ്ട്. കുട്ടികളുടെ പഠനാവശ്യത്തിന് വേണ്ടിയെങ്കിലും വൈദ്യുതി എത്തുമെന്ന് കരുതി, അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണ് ഈ കുടുംബം.