Asianet News MalayalamAsianet News Malayalam

അവധി ദിനം, യാത്ര പോയത് 26 വിദ്യാര്‍ത്ഥികൾ, സന്തോഷ യാത്ര അവസാനിച്ചത് മരണക്കൊക്കയില്‍, കണ്ണീർ തോരാതെ കൂട്ടുകാർ

ഇരുവരും കോളേജിലും നാട്ടിലും സാംസ്കാരിക, സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. ദുരന്തത്തിന്‍റെ നടുക്കം മാറാതെ കൂട്ടുകാരും നാട്ടുകാരും

two college students malappuram died in accident after kakkadampoyil trip friends still in shock SSM
Author
First Published Nov 10, 2023, 12:53 PM IST

മലപ്പുറം: അവധി ദിനങ്ങൾ ആഘോഷമാക്കി മടങ്ങുന്നതിനിടെയുണ്ടായ ദുരന്തം താങ്ങാനാകാതെ മരിച്ച വിദ്യാർഥികളുടെ സുഹൃത്തുക്കൾ. കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥികളായ എ ആർ നഗർ യാറത്തുംപടി അറക്കൽപുറായ സ്വദേശി കൊടശ്ശേരി വീട്ടിൽ മുഹമ്മദ് അസ്‌ലം (21),, വേങ്ങര ചേറൂർ നാത്താംകോടൻ മുഹമ്മദ് അർഷദ് (21) എന്നിവരുടെ മരണ വാർത്തയുടെ നടുക്കത്തിൽ നിന്ന് കൂട്ടുകാരും നാട്ടുകാരും മുക്തരായിട്ടില്ല. ഇരുവരും അവസാന വർഷ ബിരുദ വിദ്യാർഥികളാണ്.

പരീക്ഷാ മൂല്യനിർണയം നടക്കുന്നതിനാൽ കോളേജ് ഏതാനും ദിവസമായി അവധിയാണ്. കോളേജിലെ 26 വിദ്യാർഥികൾ ചേർന്നാണ് ബുധനാഴ്ച വൈകിട്ടോടെ കക്കാടംപൊയിലിലേക്കു തിരിച്ചത്. കാറിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു യാത്ര. കൂടുതലും ഇരുചക്ര വാഹനങ്ങളായിരുന്നു. രാത്രി 9 മണിയോടെയാണ് കക്കാടംപൊയിലിലെ താമസ സ്ഥലത്തെത്തിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം മടങ്ങിയത് പല സംഘങ്ങളായിട്ടാണ്.

ഇടുക്കിയില്‍ ഓടയില്‍ വീണ ജീപ്പ് നിയന്ത്രണം വിട്ട് എതിർവശത്തെ കൊക്കയില്‍ പതിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

നേരത്തെ മടങ്ങിയ കൂട്ടത്തിലായിരുന്നു മുഹമ്മദ് അസ്‌ലമും മുഹമ്മദ് അർഷദും. കക്കാടംപൊയിലില്‍ നിന്ന് കൂമ്പാറയിലേക്കു പോകുകയായിരുന്നു വിദ്യാർഥികൾ.  ഏകദേശം 5 കിലോമീറ്ററോളം പിന്നിടുമ്പോൾ ഇറക്കത്തിലായിരുന്നു അപകടം. ആനക്കല്ലുംപാറ വളവിൽവെച്ച് സ്കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മറ്റ് കുട്ടികൾ അപ്പോൾ മടങ്ങാൻ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അപകടം സംഭവിച്ച ആനക്കല്ലുമ്പാറ എന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പ്രയാസകരമായിരുന്നു. ഏറെ താഴ്ചയിലേക്കാണ് സ്കൂട്ടർ വീണത്. നാട്ടുകാരാണ് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു. രാത്രി 8 മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

ഇരുവരും കോളേജിലും നാട്ടിലും സാംസ്കാരിക, സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. മരണ വാർത്തയറിഞ്ഞ് ഇഎംഇഎ ജനറൽ സെക്രട്ടറി പി.കെ ബഷീർ എംഎൽഎ, പ്രസിഡന്റ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, മാനേജർ ബാലത്തിൽ ബാപ്പു തുടങ്ങി കോളേജ് അധികൃതരും വിദ്യാർഥികളും നാട്ടുകാരുമായി നൂറു കണക്കിനു പേർ ആശുപത്രികളിലും വീടുകളിലും എത്തി. മരിച്ച വിദ്യാര്‍ത്ഥികളുടെ കൂടെയുണ്ടായിരുന്ന ഡാനിയൽ എന്ന വിദ്യാർഥി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. 

 

Follow Us:
Download App:
  • android
  • ios