Asianet News MalayalamAsianet News Malayalam

കോഴിക്കോട് രണ്ട് പേര്‍ക്ക് രോഗമുക്തി; 1575 പേര്‍ കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി

ഇനി കോഴിക്കോട് സ്വദേശികളായ ആറ് പേരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് ചികിത്സയിലുള്ളത്. ആകെ ആറ് കോഴിക്കോട് സ്വദേശികളും രണ്ട് കാസര്‍ഗോഡ് സ്വദേശികളും മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടി

two covid 19 affected persons survived in kozhikode
Author
Kozhikode, First Published Apr 12, 2020, 8:22 PM IST

കോഴിക്കോട്: കൊവിഡ് 19 സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്ന് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഒരു കോഴിക്കോട് സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയുമാണ് രോഗമുക്തരായത്.

ഇനി കോഴിക്കോട് സ്വദേശികളായ ആറ് പേരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് ചികിത്സയിലുള്ളത്. ആകെ ആറ് കോഴിക്കോട് സ്വദേശികളും രണ്ട് കാസര്‍ഗോഡ് സ്വദേശികളും മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയത് ആശ്വാസമായി. ജില്ലയില്‍ ഇന്നും പുതിയ പോസിറ്റീവ് കേസുകളില്ല. ജില്ലയില്‍ ഇന്ന് 1575 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 4849 ആയി. ജില്ലയില്‍ ആകെ 17824 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന ആറ് പേര്‍ ഉള്‍പ്പെടെ 30 പേര്‍ ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് 21 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 463 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 434 എണ്ണത്തിന്റെ ഫലം ലഭിച്ചു.

ഇതില്‍ 419 എണ്ണം നെഗറ്റീവ് ആണ്. 29  പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.  ജില്ലയുടെ ചുമതലയുള്ള തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രാവിലെ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.  ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി  മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 13 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി.

കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 11 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. ജില്ലയില്‍ ഇന്ന് 4727 സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ 9297 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ്  ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണസന്ദേശങ്ങള്‍ പ്രചരിപ്പിച്ചു.
 

Follow Us:
Download App:
  • android
  • ios