Asianet News MalayalamAsianet News Malayalam

എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കിട്ടി; ഒരാള്‍ക്കായി തെരച്ചില്‍, വീണ്ടും അപകടം

കനത്ത കാറ്റാണ് എറണാകുളത്തിന്‍റെ തീരപ്രദേശത്ത് അനുഭവപ്പെടുന്നത്. മീൻ പിടിക്കാൻ ആരും പോകരുതെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
 

two dead body of went missing  fishermens  in elamkunnapuzha
Author
Kochi, First Published Aug 6, 2020, 12:44 PM IST

കൊച്ചി: എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ സമീപത്ത് വൈപ്പിനിലും ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി.
 
എറണാകുളം എളങ്കുന്നപ്പുഴയില്‍  നാല് പേരുമായി പോയ വള്ളം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മറിഞ്ഞത്. ഒരാള്‍ സാഹസികമായി നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായതില്‍ നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവൻ എന്നിവരുടെ മൃതദേഹമാണ് 9 കിലോമീറ്റര്‍ അകലെ മുളവുകാടിന് സമീപത്തുനിന്ന്  കണ്ടെത്തിയത്. സന്തോഷിന്‍റെ ഭാര്യാ സഹോദരൻ സിദ്ധാര്‍ത്ഥിനായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ, ഇന്ന് രാവിലെ 9 മണിയോടെ എളങ്കുന്നപ്പുഴക്ക് സമീപത്തുള്ള പ്രദേശമായ വൈപ്പിനില്‍ മറ്റൊരു വള്ളം മറിഞ്ഞു. രണ്ട് പേര്‍ സഞ്ചരിച്ച ചെറുവള്ളം തിരിക്കാൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. വൈപ്പിൻ സ്വദേശി പള്ളത്തുശ്ശേരി അഗസ്റ്റിനെയാണ് കാണാതായത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. വള്ളത്തിലുണ്ടായിരുന്ന അഗസ്റ്റിന്‍റെ സുഹൃത്ത് ബാബു നീന്തി രക്ഷപ്പെട്ടിരുന്നു.

കനത്ത കാറ്റാണ് എറണാകുളത്തിന്‍റെ തീരപ്രദേശത്ത് അനുഭവപ്പെടുന്നത്. മഴയ്ക്ക് സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ മീൻപിടിത്തക്കാര്‍ കടലിലോ കായലിലോ പോകരുതെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കിയിരുന്നു. അത് കൂട്ടാക്കാതെ ചെറുവള്ളവുമായി ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios