കുന്നംകുളം കോട്ടപ്പടിയിലുണ്ടായ അപകടത്തില്‍ മരിച്ച യുവാവ് മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തിയതായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിറകില്‍ സജിത്ത് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു.
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേർ മരിച്ചു. വിവിധ അപകടങ്ങളിലായി കഴിഞ്ഞ ദിവസം പരിക്കേറ്റത് 35 പേര്‍ക്കാണ്. കുന്നംകുളത്തിനടുത്ത് ചൂണ്ടലിലും, കോട്ടപ്പടിയിലും ഉണ്ടായ അപകടങ്ങളിലാണ് രണ്ടു പേര്‍ മരിച്ചത്. ആര്‍ത്താറ്റ് സജിത്ത് വിൽസണ്‍, ചൂണ്ടല്‍ തെക്കേക്കര വീട്ടില്‍ ജോസ് (89) എന്നിവരാണ് മരിച്ചത്. പുതുക്കാട് തലോര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസിടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് നാമക്കല്ലില്‍ നിന്നുള്ള പഠനയാത്ര സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴം പുലര്‍ച്ചെ നാലോടെ തലോര്‍ ദേശീയപാതയില്‍ ജറുസലേം ധ്യാനകേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്.
ഇരിങ്ങാലക്കുട തുമ്പൂരില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഈ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ഇരിങ്ങാലക്കുടയിലേയും തൃശൂരിലേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ചാവക്കാട് കാറ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം കോട്ടപ്പടിയിലുണ്ടായ അപകടത്തില്‍ മരിച്ച യുവാവ് മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നെത്തിയതായിരുന്നു. ആര്‍ത്താറ്റ് പരേതരായ പനക്കല്‍ വില്‍സണ്‍ -ബേബി ദമ്പതികളുടെ മകന്‍ സജിത്ത് വില്‍സനാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിറകില്‍ സജിത്ത് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ട പുലര്‍ച്ചെ 12.30നായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെ 6.15 ന് മരണം സംഭവിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജോലിചെയ്തിരുന്ന സജിത്ത് മാതാവ് ബേബിയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. സംസ്‌കാരം പരേതന്റെ കുടുംബം നാട്ടില്‍ വന്നതിനുശേഷം ആര്‍ത്താറ്റ് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്തും. ഷൈന്‍ ഭാര്യയാണ്. എമ്മ, എമിലി, എയ്ഞ്ചല്‍,ഏബല്‍ എന്നിവര്‍ മക്കളാണ്.
കുന്നംകുളം ചൂണ്ടലില്‍ നടന്ന അപകടത്തിൽ കാറിടിച്ചാണ് വയോധികന്‍ മരിച്ചത്. ചൂണ്ടല്‍ തെക്കേക്കര വീട്ടില്‍ ജോസാണ് (89) മരിച്ചത്. വ്യാഴം രാവിലെ 10നാണ് അപകടമുണ്ടായത്. ചൂണ്ടല്‍ ബേക്കറിക്ക് മുന്‍വശത്ത് കൂടി റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന വയോധികനെ കുന്നംകുളം ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിനിടയാക്കിയ കാര്‍ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാത പുതുക്കാട് സെന്‍ററില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചും അപകടമുണ്ടായി. പാലക്കാട് സ്വദേശി സജീവും കുടുംബവും സഞ്ചരിച്ച കാറില്‍ കരിങ്കല്‍ കയറ്റി വന്ന ടോറസ് ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാറിന്‍റെ പിന്‍ഭാഗത്താണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ദേശീയപാതയ്ക്ക് കുറുകെ കിടന്ന കാറില്‍ അതേ ലോറി വീണ്ടും വന്നിടിക്കുകയായിരുന്നു. പുതുക്കാട് പോലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ മാറ്റിയിട്ടത്.
അതേസമയം മറ്റൊരു അപകടത്തിൽ ദേശീയപാത തലോര്‍ ജറുസലേമിന് സമീപം നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്കു പുറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തമിഴ്‌നാട് നാമക്കലില്‍നിന്ന് കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് പഠനയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ തകരാറിലായി കിടന്ന ലോറിക്കു പുറകിലാണ് ബസ് വന്നിടിച്ചത്. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരു ദിശയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ഇരിങ്ങാലക്കുട തുമ്പൂരില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് 10 പേര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വേളൂക്കര തുമ്പൂര്‍ പുത്തന്‍വെട്ടുവഴി സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറുപേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരുക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടില്‍ ഷൈന്‍ (36), ഭാര്യ രേഷ്മ (34), മക്കളായ വസന്ത് (14), ബിയ (5), രേഷ്മയുടെ സഹോദരന്‍ വാഴൂര്‍ വീട്ടില്‍ ജിതിന്‍ലാല്‍ (30), സുഹൃത്ത് കൂനിയാറ വീട്ടില്‍ അജിത്ത് (27) എന്നിവര്‍ക്കാണ് കാറിലുണ്ടായിരുന്നവരില്‍ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഷൈനിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും ജിതിന്‍ലാലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രേഷ്മ മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്.
ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന കോഴിക്കോട് ബീച്ച് സ്വദേശിനി കാസ്തൂരം വീട്ടില്‍ വിനീത (55), മാന്തോട്ടം വീട്ടില്‍ മുബീന (32), ഒളവണ്ണ സ്വദേശികളായ കുന്നത്തുവീട്ടില്‍ ബാബിറ (44), നൂര്‍ജഹാന്‍ (44) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. അങ്കമാലി കറുകുറ്റയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവര്‍. അപകടത്തെ തുടര്‍ന്ന് കുറച്ച് നേരത്തേക്ക് ഇതു വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ടൂറിസ്റ്റ് ബസും കാറും അമിതവേഗതയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുടയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും അപകടസ്ഥലത്ത് എത്തിയിരുന്നു.
