കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി-താളൂര്‍ റോഡിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് ഓടിച്ച എരുമാട് സ്വദേശി കൊച്ചുകുടിയില്‍ അമല്‍സ്റ്റീഫന്‍ (22), അസം സ്വദേശി സാബ്രിക്കല്‍ ഇസ്ലാം (26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം.

ബത്തേരിയില്‍ നിന്ന് എരുമാട് ഭാഗത്തേക്ക് പോകുകയായിരുന്നു സ്റ്റീഫന്‍. റോഡ് മുറിച്ചു കടക്കുന്നതിനിടെ സാബ്രിക്കല്‍ ഇസ്ലാമിന്റെ ദേഹത്ത് ബൈക്കിടിച്ച് മറിയുകയായിരുന്നു. തെറിച്ചു വീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

നാട്ടുകാരും ഇതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.