നെയ്യാറ്റിന്‍കര: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് പേർ കുളത്തിൽ ചാടി. നെയ്യാറ്റിൻകര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭർതൃസഹോദരൻ നാഗേന്ദ്രൻ എന്നിവരാണ് കുളത്തിൽ ചാടിയത്. സരസ്വതിയുടെ മൃതദേഹം കണ്ടെത്തി. നാഗേന്ദ്രനായി തെരച്ചിൽ തുടരുകയാണ്. പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി സരസ്വതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു

നെയ്യാറ്റികര പ്ലാമൂട്ടുക്കട സ്വദേശികളായ സരസ്വതിയും നാഗേന്ദ്രനും രാവിലെയാണ് വീടിന് സമീപത്തുളള കുളത്തിൽ ചാടിയത്. രണ്ട് വർഷം മുൻപ് മകന് ഗൾഫിൽ പോകുന്നതിനായി രണ്ട് ലക്ഷം രൂപ ഇവർ പലിശക്കെടുത്തിരുന്നു. മകൻ അസുഖബാധിതനായി ദിവസങ്ങൾക്കുളളിൽ തിരിച്ചുവന്നതോടെ കടം തീർക്കാൻ വഴിയില്ലാതായി. മാസം 18,000 രൂപയായിരുന്നു പശില. കടവും പലിശയും ചേർത്ത് നാല് ലക്ഷത്തി പതിനായിരം രൂപ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പലിശക്കാർ പ്രശ്നമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആകെയുളള രണ്ടേകാൽ സെന്റ് ഭൂമി എഴുതി നൽകണമെന്നും പലിശക്കാർ ആവശ്യപ്പെട്ടിരുന്നു.
'
താൻ മരിച്ചാൽ കാഴ്ച ശക്തിയില്ലാത്ത നാഗേന്ദ്രനെ പരിചരിക്കാൻ ആരുമുണ്ടാകില്ല എന്നതുകൊണ്ടാണ് നാഗേന്ദ്രനും ജീവനൊടുക്കുക്കാൻ തീരുമാനിച്ചതെന്ന് സരസ്വതിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്. സരസ്വതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.