Asianet News MalayalamAsianet News Malayalam

ദീപാവലി ആഘോഷത്തിനെത്തിയ രണ്ട് യുവാക്കള്‍ ധര്‍മ്മടത്ത് കടലിൽ മുങ്ങിമരിച്ചു

തീരത്ത് നടക്കാനിറങ്ങിയ കൂട്ടുകാർ തിരിച്ചെത്തിയപ്പോള്‍ കടലില്‍ കുളിക്കുകയായിരുന്ന അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇരുവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു.

two gudalur native youths drowned in sea at dharmadam
Author
First Published Oct 26, 2022, 9:04 AM IST

ധർമടം : കണ്ണൂര്‍ ജില്ലിയിലെ ധർമടം അഴിമുഖത്തിന് സമീപം ചാത്തോടം ബീച്ചിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ബീച്ചില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട്‌ യുവാക്കളാണ് മുങ്ങിമരിച്ചത്. ഗൂഢല്ലൂർ എസ്.എഫ്. നഗർ സ്വദേശികളായ മുരുകന്റെ മകൻ അഖിൽ (23), കൃഷ്ണന്റെ മകൻ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദീപാവലി ആഘോഷിക്കാനായി എത്തിയ ഏഴംഗ സംഘത്തിലെ രണ്ടുപേരാണ്  കടലില്‍ മുങ്ങിമരിച്ചത്.

ഗൂഢല്ലൂരിൽനിന്നും ഏഴുപേരടങ്ങുന്ന സംഘം ദീപാവലി ആഘോഷിക്കാനായാണ് കഴിഞ്ഞ ദിവസം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത്‌ താമസിച്ച സുഹൃത്തുക്കൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് കാണാൻ പോകുന്ന വഴിയാണ് ധർമടത്തെത്തിയത്. കൂട്ടുകാർ ബീച്ചില്‍ മറ്റൊരിടത്തേക്ക് നടന്ന് പോയ സമയത്ത് അഖിലും സുനീഷും കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകട സംഭവിച്ചത്. ഇരുവരും കടലില്‍ അകപ്പെട്ടത് കൂട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

തീരത്ത് നടക്കാനിറങ്ങിയ കൂട്ടുകാർ തിരിച്ചെത്തിയപ്പോള്‍ കടലില്‍ കുളിക്കുകയായിരുന്ന അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇരുവരുടെയും വസ്ത്രങ്ങൾ തീരത്തുണ്ടായിരുന്നു. ബീച്ചിലും പരിസരത്തും തെരഞ്ഞെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇതോടെ പരിഭ്രാന്തരായ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. ഇവരും മത്സ്യത്തൊഴിലാളികളും ബോട്ടും തോണിയുമിറക്കി തെരച്ചില്‍ നടത്തിയെങ്കിലും അഖിലിനെയും സുനീഷിനെയും കണ്ടെത്താനായില്ല. 

ഇതോടെ പൊലീസിനെയും അഗ്നിരക്ഷാസേനയേയും നാട്ടുകാര്‍ വിവരമറിയിച്ചു. തുടർന്ന് വിവരമറിഞ്ഞെത്തിയ പൊലീസും കോസ്റ്റൽ ബോട്ട്, മുങ്ങൽ വിദഗ്ധർ, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് വൈകീട്ട് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഒൻപതോടെ ധർമടം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുനിന്നും സുനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.  ഇരുവരും ഇലക്‌ട്രിക്കൽ ജോലി ചെയ്യുന്നവരാണ്. ഇരുവരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 

Read More : പൊലീസുദ്യോഗസ്ഥർ ചമഞ്ഞ് പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; നാൽവർ സംഘം പിടിയിൽ

Follow Us:
Download App:
  • android
  • ios