തീയേറ്ററില്‍ തര്‍ക്കം, പുറത്താക്കിയതോടെ പാര്‍ക്കിംഗില്‍ വടിവാള്‍ ആക്രമണം, തിരുവല്ലയില്‍ യുവാക്കൾ അറസ്റ്റിൽ
സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ ജീവനക്കാർ ചേർന്ന് ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു
കടപ്ര: തിരുവല്ല കടപ്രയിൽ സിനിമ തീയേറ്ററിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. സിനിമ കാണുമ്പോൾ തുടങ്ങിയ വാക്ക് തർക്കമാണ് ഒടുവിൽ വടിവാൾ ആക്രമണത്തിൽ കലാശിച്ചത്.
പരുമല സ്വദേശികളായ മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് പാണ്ടനാട് സ്വദേശി സുധീഷ്, പ്രതികളെ ഒളിവിൽ താമസിപ്പിച്ച കീഴ്ച്ചേരി മേൽ സ്വദേശി സുജിത്ത് കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആണ് സംഭവം. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ ജീവനക്കാർ ചേർന്ന് ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു.
തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയ പരുമല സ്വദേശികളെ ഒന്നാംപ്രതി സുധീഷും കൂട്ടുപ്രതിയും കടപ്ര സ്വദേശിയുമായ നിഷാദും ചേർന്ന് വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പുളിക്കീഴ് പൊലീസ് സ്ഥലത്ത് എത്തും മുമ്പ് വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഒളിവിൽ പോയ മുഖ്യ പ്രതി സുധീഷിനെ ചെങ്ങന്നൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.
അറസ്റ്റിലായ സുധീഷിന് എതിരെ അഞ്ച് വധശ്രമ കേസുകൾ അടക്കം പത്തോളം ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി നിഷാദ് ഇപ്പോഴും ഒളിവിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഓഗസ്റ്റ് മാസത്തില്‍ കോഴിക്കോട് നഗരമധ്യത്തില്‍ പൊലീസിന് നേരെ വടിവാള്‍ വീശി കവര്‍ച്ചാ സംഘം പിടിയിലായിരുന്നു. നഗരത്തില്‍ കത്തി കാണിച്ച് കവര്‍ച്ച നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെയാണ് സംഘം വടിവാള്‍ വീശിയത്. സംഭവത്തില്‍ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.