ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിലായി. എടത്തിരുത്തി സ്വദേശി ബഷീർ, കൂരിക്കുഴി സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്

തൃശൂർ: ചെന്ത്രാപ്പിന്നിയിലെ സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. നിരവധി മുക്കുപണ്ട തട്ടിപ്പ് കേസുകളിൽ പ്രതികളായ എടത്തിരുത്തി കുട്ടമംഗലം പൊക്കക്കില്ലത്ത് ബഷീർ (49), കൂരിക്കുഴി പോത്തേടത്ത് ഹുസൈൻ (64 ) എന്നിവരാണ് അറസ്റ്റിലായത്. ചെന്ത്രാപ്പിന്നി കിഴക്കേ ബസ് സ്റ്റോപ്പിന് സമീപം വാഴപ്പുള്ളി ഷൈനിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.

രണ്ടുതവണകളിലായി 16.7 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ച് പണയം വെച്ചെന്നാണ് കേസ്. ആദ്യം 2025 ഡിസംബർ 15-നും രണ്ടാമതായി 2026 ജനുവരി ഒന്നിനുമാണ് ഇരുവരും ഈ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയത്. 1,43,998 രൂപയാണ് ഇവർ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഹുസൈനും ബഷീറും ഇതേ സ്ഥാപനത്തിലെത്തി വള പണയം വെക്കാൻ ശ്രമിക്കുന്നതിനിടെ, ഇവരുടെ പെരുമാറ്റത്തിൽ ജീവനക്കാർക്ക് സംശയം തോന്നി. നേരത്തെ പണയം വെച്ച വളകളും വിശദമായി പരിശോധിച്ചപ്പോഴാണ് അവയും മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കൈപ്പമംഗലം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

ബഷീർ കൈപമംഗലം, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലായി മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ ആറ് കേസുകളടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൈപമംഗലം പോലീസ് സ്റ്റേഷനിൽ സ്വർണം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ഹുസൈൻ. കൈപമംഗലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഋഷിപ്രസാദ്, എഎസ്ഐ രാജേഷ്, ജിഎസ്‌സിപിഒ സുനിൽ കുമാർ, സിപിഒ ഡെൻസ്‌മോൻ, സിപിഒ ശരത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.