ഇടിഞ്ഞു വീണ വീട്ടിൽ ജലാലിന്റെ ഭാര്യയും ചുമർ വീണ് തകർന്ന വീട്ടിൽ കുഞ്ഞ് കുട്ടികളടക്കം 5 ഓളം പേരുമുള്ള സമയത്താണ് അപകടമുണ്ടായത്
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കോട്ടൂരിൽ 2 വീടുകൾ തകർന്നു. കുട്ടികൾ ഉൾപ്പടെയുള്ളവർ തലനാരിഴക്ക് രക്ഷപ്പെട്ടു. കോട്ടൂർ കടമാൻകുന്ന് ജലാലിന്റെ വീട് മഴയിൽ തകർന്നു. പച്ചക്കട്ട കെട്ടിയ വീട് മഴയത്ത് ചോർന്നു ഒലിച്ച നിലയിൽ ആയിരുന്നു. തോരാതെ പെയ്ത മഴയിൽ വീടിന്റ മുൻ വശവും ഇടതു വശവും പൂർണ്ണമായും ഇടിഞ്ഞു വീണു.
തൊട്ടു താഴെ ഉണ്ടായിരുന്ന മുബീനയുടെ വീടിലേക്കാണ് ഒരു വശത്തെ ചുമർ പൂർണമായും തകർന്നു വീണത്. ഇതോടെ മുബീനയുടെ വീട്ടിന്റെ മുൻവശവും തകർന്നു. ഇടിഞ്ഞു വീണ വീട്ടിൽ ജലാലിന്റെ ഭാര്യയും ചുമർ വീണ് തകർന്ന വീട്ടിൽ കുഞ്ഞ് കുട്ടികളടക്കം 5 ഓളം പേരുമുള്ള സമയത്താണ് അപകടമുണ്ടായത്. തലനാരിഴക്കാണ് ഇരു വീട്ടിൽ ഉള്ളവരും രക്ഷപെട്ടത്. നിലവിൽ പൂർണ്ണമായും തകർന്ന ഈ വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
മലയോര മേഖലയായ കോട്ടൂർ ദേശത്തെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി ഭീഷണി നിലനിൽക്കുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കോട്ടൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്നും ഈ രണ്ട് കുടുംബങ്ങളെയും അവിടേക്ക് മാറ്റാനുള്ള തീരുമാനം ഗ്രാമപഞ്ചയത്ത് അടിയന്തിരമായി കൈകൊള്ളുമെന്നുമാണ് കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് വിശദമാക്കിയിട്ടുള്ളത്.
