മൂന്നാര്‍: വിദേശമദ്യവുമായി രണ്ടു യുവാക്കള്‍ ദേവികുളത്ത് പൊലീസിന്‍റെ പിടിയില്‍. വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. കെ.ഡി.എച്ച്.പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ പാല്‍പ്പാണ്ടി (20) ശെല്‍വഗണേഷ് (24) എന്നിവരാണ് പിടിയിലായത്. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ സിഗ്നല്‍ പോയിന്‍റില്‍ ദേവികുളം പൊലീസ് രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. 

ഓട്ടോയുടെ സീറ്റിനടയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന പത്തു ലിറ്റര്‍ വിദേശമദ്യമാണ് കണ്ടെത്തിയത്. എസ്റ്റേറ്റ് മേഖലയില്‍ വ്യാപകമായി മദ്യവില്‍പ്പന നടക്കുവാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി രമേഷ്‌കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം ദേവികുളം എസ് ഐ ദിലീപ്‍ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

നിയമാനുസൃതമുള്ള ബില്‍ നല്‍കാതെ അനിയന്ത്രിതമായ അളവില്‍ മദ്യം നല്‍കുന്ന ബിവറേജ് ഔട്ട്ലെറ്റ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിടിച്ചെടുത്ത മദ്യത്തിന്‍റെ ബാച്ച് നമ്പര്‍ വെയര്‍ഹൗസില്‍ നിന്നുള്ള വിതരണ ലിസ്റ്റുമായി ഒത്തുനോക്കി മദ്യം വിറ്റ ബിവറേജ് ജീവനക്കാര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നും എസ് ഐ ദിലീപ് കുമാര്‍ പറഞ്ഞു. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ ഹാഷിം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബാഷ്, അശോക്, മുജീബ്, ഷൗക്കത്ത്, കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.