Asianet News MalayalamAsianet News Malayalam

എംഎല്‍എ ഉദ്ഘാടനം നടത്തി പോയി, ദേ എംപി വരുന്നു; വീണ്ടും ഉദ്ഘാടനം, തലയില്‍ കൈവച്ച് നാട്ടുകാർ

യു ഡി എഫ് - എല്‍ ഡി എഫ് തര്‍ക്കത്തെ തുടര്‍ന്നാണ് എം എല്‍ എയും എം പിയും ഒരേ കെട്ടിടത്തിന് വെവ്വേറെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രവിത്താനം മാര്‍ക്കറ്റ് കവലയിലാണ് പുതിയ അംഗന്‍വാടി കെട്ടിടം നിര്‍മ്മിച്ചത്.

two inauguration ceremony for anganwadi building
Author
First Published Jan 30, 2023, 8:27 AM IST

കോട്ടയം: രാഷ്ട്രീയ മുന്നണികള്‍ തമ്മിലുള്ള തര്‍ക്കം കാരണം കോട്ടയം ഭരണങ്ങാനത്ത് ഒരു അംഗന്‍വാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടത്തിയത് രണ്ട് വട്ടം. യു ഡി എഫ് - എല്‍ ഡി എഫ് തര്‍ക്കത്തെ തുടര്‍ന്നാണ് എം എല്‍ എയും എം പിയും ഒരേ കെട്ടിടത്തിന് വെവ്വേറെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രവിത്താനം മാര്‍ക്കറ്റ് കവലയിലാണ് പുതിയ അംഗന്‍വാടി കെട്ടിടം നിര്‍മ്മിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ കെട്ടിടം പാലാ എം എല്‍ എ മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തത്.

യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് വകയായിരുന്നു എം എല്‍ എ പങ്കെടുത്ത ഉദ്ഘാടന പരിപാടി. എം എല്‍ എ ഉദ്ഘാടനം നടത്തി മടങ്ങിയതിന് പിന്നാലെ എല്‍ ഡി എഫുകാരനായ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ അടുത്ത ഉദ്ഘാടനം സംഘടിപ്പിച്ചു. ഞായറാഴ്ച നടന്ന രണ്ടാമത്തെ പരിപാടിയിലെ ഉദ്ഘാടകന്‍ എല്‍ ഡി എഫുകാരനായ കോട്ടയം എം  പി തോമസ് ചാഴിക്കാടനായിരുന്നു. ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കെട്ടിടം നിര്‍മിച്ചത്.

എന്നാല്‍, ഗ്രാമപഞ്ചായത്തുമായി കൂടിയാലോചന നടത്താതെ ജില്ലാ പഞ്ചായത്തംഗം സ്വന്തം നിലയില്‍ ഉദ്ഘാടനം തീരുമാനിച്ചതോടെയാണ് സ്വന്തം നിലയില്‍ ഉദ്ഘാടനം നടത്തിയതെന്നാണ് പഞ്ചായത്ത് ഭരിക്കുന്ന യു ഡി എഫ് വാദം. എന്നാല്‍ അംഗന്‍വാടി കെട്ടിടത്തിന് ഫണ്ട് അനുവദിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗം നടത്തിയ പ്രയത്നം യു ഡി എഫ് അവഗണിക്കുകയായിരുന്നെന്ന് എല്‍ ഡി എഫും പരാതി ഉന്നയിക്കുന്നു. ഗ്രാമപഞ്ചായത്ത് അവഗണിച്ചത് കൊണ്ടാണ് രണ്ടാമത്തെ ഉദ്ഘാടനം നടത്തേണ്ടി വന്നതെന്നാണ് എല്‍ ഡി എഫിന്‍റെ വാദം. രണ്ട് ഉദ്ഘാടനത്തിന്‍റെ പേരിലും ചെലവാക്കിയത് നാടിന്‍റെ നികുതി പണമാണെന്നുള്ളതാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം.

60 അടി താഴ്ചയുള്ള കിണറ്റിൽ വീണു; കാലിന്‍റെ എല്ല് പൊട്ടി, വേദന കൊണ്ട് പുളഞ്ഞ് യുവാവ്;സാഹസിക രക്ഷാപ്രവര്‍ത്തനം

Follow Us:
Download App:
  • android
  • ios