പെരുമ്പിലാവ് കടവല്ലൂര്‍ പാറപ്പുറത്ത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

തൃശൂര്‍: പെരുമ്പിലാവ് കടവല്ലൂര്‍ പാറപ്പുറത്ത് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീട്ടുമതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ടന്‍കാവ് വിളയൂര്‍ സ്വദേശികളായ ഹൈദര്‍ അലി (42), അബ്ദുല്‍ റഷീദ് (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടവല്ലൂര്‍ ഭാഗത്തുനിന്ന് അയിനൂരിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ വീട്ടുമതില്‍ പൂര്‍ണ്ണമായും തകരുകയും വാഹനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ലോറിയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ റോഡിലേക്ക് തെറിച്ചുവീണു. സിലിണ്ടറുകളില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സ് എത്തി പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ വീണ ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് മറ്റൊരു ലോറിയിലേക്ക് മാറ്റി സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു. സംഭവത്തിൽ കുന്നംകുളം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.