കാലിന് ഗുരുതരമായി പരിക്കേറ്റ ഒരു യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

കല്‍പ്പറ്റ : വയനാട് കുപ്പമുടി കൊളഗപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ ആയിരംകൊല്ലി വൻകണകുന്നിൻമേൽ ഇബ്രാഹിം, സിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കുപ്പമുടി അമ്പലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

കാലിന് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും സിനിഷിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വയനാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വാഹനപകടമാണിത്. നേരത്തേ മീനങ്ങാടി കാക്കവയലില്‍ കാരാപ്പുഴ റോഡില്‍ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. 

ചെന്നലോട് സ്വദേശികളും കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളുമായ രണ്ട് പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കവയല്‍ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. അഞ്ച് പേര്‍ യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാര്‍ പറയുന്നു. 

അമതി വേഗതയിലെത്തിയ വാഹനം ഇറക്കത്തില്‍ ബ്രേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സമീപത്തെ സ്ഥാപനത്തിലെ ക്യാമറയിലാണ് അപകടദൃശ്യങ്ങള്‍ പതിഞ്ഞത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരുന്നു. ദേശീയപാതയില്‍ ഇറക്കത്തിലായിരുന്നു അന്ന് അപകടം നടന്നത്.