മുളക്കുഴ സ്റ്റോപ്പിൽ ബസ് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ കണ്ടക്ടറെ വിവരം അറിയിച്ചു.

ആലപ്പുഴ: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ മാല കവർന്ന തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. പിടിയിലായ തൂത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ യുവതികൾ മാല മോഷണ, കവർച്ച സംഘങ്ങളിലെ പ്രധാന കണ്ണികളെന്ന് പൊലീസ്. അടൂർ ഡിപ്പോയിൽ നിന്ന് തിരുവല്ലയ്ക്കുള്ള കെഎസ്ആർടിസി ബസിൽ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പന്തളം മെഡിക്കൽ മിഷൻ ആശുപത്രി ജങ്ഷനിൽ നിന്ന് വീട്ടിലേക്ക് കെഎസ്ആ‌ർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു മുളക്കുഴ സ്വദേശി ജിജി. മുളക്കുഴ സ്റ്റോപ്പിൽ ബസ് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ കണ്ടക്ടറെ വിവരം അറിയിച്ചു. കൂടെ യാത്ര ചെയ്ത രണ്ടുപേരെ സംശയമുണ്ടെന്ന് ജിജി പറഞ്ഞതോടെ മറ്റുയാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇരുവരെയും തടഞ്ഞുനിർത്തി. പരിശോധനയിൽ ഇവരുടെ ബാഗിൽ നിന്ന് മാല കണ്ടെടുത്തു. തുടർന്ന് ചെങ്ങന്നൂർ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

ബസ് ചെങ്ങന്നൂർ ഡിപ്പോയിൽ എത്തിയപ്പോഴേക്കും പൊലീസ് എത്തി തൂത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ മുപ്പതുകാരി ലക്ഷ്മിയെയും, മുപ്പത്തിരണ്ട്കാരി സിന്ധുവിനെയും കസ്റ്റഡിയിൽ എടുത്തു. രാവിലെയാണ് ഇവർ കോവിൽപ്പെട്ടിയിൽ നിന്ന് കായംകുളത്തെത്തിയത്. അവിടെനിന്ന് ബസിൽ അടൂരിൽ എത്തി. തുടർന്നായിരുന്നു കെഎസ്ആർടിസി ബസിൽ വച്ചുള്ള മാല മോഷണം. ഇരുവർക്കുമെതിരെ മാലമോഷണം, കവർച്ച തുടങ്ങി കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം